തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷിനെ സസ്‌പെൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസം കെഎസ്ഇബി ചെയർമാനെതിരെ എംജി സുരേഷിന്റെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ സത്യാഗ്രഹവും പ്രതിഷേധവും നടത്തിയിരുന്നു. മാനേജ്‌മെന്റിന്റെ വിലക്ക് മറികടന്നുകൊണ്ടായിരുന്നു ഈ നീക്കം.
ഇതേ തുടർന്നാണ് എംജി സുരേഷിനെതിരെ നടപടി എടുത്തത്. കെഎസ്ഇബിയിലെ വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നിയമവിരുദ്ധമായി സസ്‌പെൻഡ് ചെയ്‌തതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. അനുമതി കൂടാതെ അവധിയിൽ പോയി, ചുമതല കൈമാറുന്നതിൽ വീഴ്‌ച വരുത്തി എന്നീ ആരോപണങ്ങൾ ഉന്നയിച്ചു മാർച്ച് 28ന് ആയിരുന്നു വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനിയർക്ക് സസ്‌പെൻഷൻ ഉത്തരവ് നൽകിയത്.
സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയപ്പോൾ ചെയർമാൻ പരിഹസിച്ചുവെന്നും, സംഘടനയുമായി ചർച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ആരോപിച്ചിരുന്നു. തുടർന്നാണ് എംജി സുരേഷിന്റെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ സത്യാഗ്രഹവും പ്രതിഷേധവും നടത്തിയത്.
Most Read: രക്‌തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല; യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി