ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിക്കാനിടയായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആർ. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്.
അതേസമയം, പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് എഫ്‌ഐആർ തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ, പിന്നീടാണ് വിദ്യാർഥികൾ സഞ്ചരിച്ച കാർ തെന്നി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് വ്യക്‌തമായത്. സിസിടിവി ദൃശ്യങ്ങളും കൂടുതൽ സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതോടെ എഫ്‌ഐആറിൽ മാറ്റം വരുമെന്നും പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 9.20ഓടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് പാസഞ്ചർ ബസും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. വണ്ടാനത്തെ ഗവ. മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോടക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് ശേഖരപുരം ശ്രീവിഹാറിൽ കെടി ശ്രീവൽസന്റെ മകൻ ശ്രീദീപ് വൽസൻ (19), മലപ്പുറം കോട്ടയ്‌ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്‌ണവത്തിൽ എഎൻ ബിനുരാജിന്റെ മകൻ ബി ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്‍ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്‌റാഹിം (19) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ആറ് വിദ്യാർഥികൾ ചികിൽസയിലാണ്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!