തിരുവനന്തപുരം: ശമ്പളം നൽകിയിട്ടും കെഎസ്‌ആർടിസിയിൽ സമരം തുടർന്ന് സിഐടിയു. 28ന് പ്രഖ്യാപിച്ച സൂചനാ പണിമുടക്കിൽ മാറ്റമില്ലെന്ന് ആനത്തലവട്ടം ആനന്ദൻ അറിയിച്ചു. തൊഴിലാളികൾക്ക് എപ്പോഴെങ്കിലും ശമ്പളം നൽകിയാൽ മതിയെന്ന നിലപാടാണ് പ്രശ്‌നത്തിന് കാരണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി യൂണിയനുകളുമായി നാളെ ചർച്ച നടത്താൻ ഒരുങ്ങുകയാണ് ഗതാഗത മന്ത്രി. ജല അതോറിറ്റിയിലെ സിഐടിയു സമരം തുടരുകയാണ്.
18 ദിവസത്തെ കാത്തിരിപ്പിന് ശേഷം കെഎസ്‌ആർടിസി ജീവനക്കാർക്ക് ഇന്നലെ രാത്രിയോടെയാണ് ശമ്പളം ലഭിച്ചത്. പക്ഷേ, പ്രതിസന്ധിക്കോ ഇടത് യൂണിയന്റെ സമരത്തിനോ അവസാനമായില്ല. കൂടുതൽ ജീവനക്കാരെ ഉപയോഗിച്ച് ഇന്നും സിഐടിയു കെഎസ്‌ആർടിസി ആസ്‌ഥാനം ഉപരോധിച്ചു. 28ന് പ്രഖ്യാപിച്ച പണിമുടക്ക് നടത്തുമെന്ന് ആവർത്തിക്കുകയും ചെയ്‌തു.
സർക്കാരിൽ നിന്ന് 30 കോടിയുടെ സഹായവും ബാങ്കിൽ നിന്ന് 45 കോടി ഓവർ ഡ്രാഫ്‌റ്റും എടുത്താണ് മാർച്ചിലെ ശമ്പളം കൊടുത്തത്. പത്ത് ദിവസം കൂടി കഴിഞ്ഞാൽ ഇനി ഏപ്രിലിലെ ശമ്പളം കൊടുക്കണം. വീണ്ടും കടം വാങ്ങുകയല്ലാതെ മറ്റ് വഴികളില്ല. അതിനാൽ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം കിട്ടുമെന്ന് ഉറപ്പ് നൽകണമെന്നാണ് സിഐടിയുവിന്റെ ആവശ്യം. ശമ്പളം നൽകുന്നതിൽ ധനവകുപ്പിനും വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് സിഐടിയു ആരോപിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു നാളെ നടത്തുന്ന ചർച്ചക്ക് അനുസരിച്ചായിരിക്കും 28ലെ പണിമുടക്കിലെ തുടർസമരങ്ങളിലും അന്തിമ തീരുമാനമുണ്ടാകുക.
Most Read: വാഹനങ്ങളിൽ കൂളിംഗ് ഫിലിമിന് അനുവാദമില്ല; ഗതാഗതമന്ത്രി