പാലക്കാട്: മാസപ്പടി വിവാദത്തിൽ കോൺഗസ് നേതാവ് മാത്യു കുഴൽനാടന് മറുപടിയുമായി സിപിഎം നേതാവ് എകെ ബാലൻ. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്നും എകെ ബാലൻ പറഞ്ഞു. നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. വീണ ഐജിഎസ്‌ടി ഒരുക്കിയതിന്റെ രേഖകൾ കാണിച്ചാൽ ആരോപണങ്ങൾ പിൻവലിക്കുമോയെന്നും എകെ ബാലൻ ചോദിച്ചു.
തെറ്റെന്ന് തെളിഞ്ഞാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം. കുഴൽനാടൻ എവിടെ നിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുകയാണ്. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും എകെ ബാലൻ പറഞ്ഞു. വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തിയിരുന്നു. വീണയുടെ കമ്പനി സിഎംആർഎല്ലിന് നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
വീണയുടെ കമ്പനിയിൽ നടന്നത് പൊളിറ്റിക്കൽ ഫണ്ടിങ് ആണ്. കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി എംവി ഗോവിന്ദൻ മാറി. സിപിഎമ്മിനോട് സഹതാപം തോന്നുകയാണെന്നും കുഴൽനാടൻ പറഞ്ഞു. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തു നടന്ന വാർത്താ സമ്മേളനത്തിലാണ് വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് കുഴൽനാടൻ ആരോപിച്ചത്.
Most Read| വിമത വിഭാഗത്തിന്റെ പ്രതിഷേധം; അങ്കമാലിയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു