മുംബൈ: 1,034 കോടി രൂപയുടെ ഭൂമി തട്ടിപ്പ് കേസിൽ ശിവസേന എംപി സഞ്‌ജയ് റാവത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. റാവത്തിന്റെ അലിബാഗിലെ ഭൂമിയും മുംബൈയിലെ ദാദറിലെ ഒരു ഫ്‌ളാറ്റും ആണ് കണ്ടുകെട്ടിയത്. ശിവസേന എംപി സഞ്‌ജയ് റാവത്തിന്റെ അടുത്ത അനുയായിയും വ്യവസായിയുമായ പ്രവീണ്‍ റാവത്തിനെ നേരത്തെ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമായിരുന്നു അറസ്‌റ്റ്.
ഇതേ കേസുമായി ബന്ധപ്പെട്ട് സഞ്‌ജയ് റാവത്തിന്റെ മക്കളായ പൂര്‍വശി, വിധിത എന്നിവരുടെ ഒരു സ്‌ഥാപനത്തിന്റെ പാര്‍ട്‌നര്‍ കൂടിയായ സുജിത് പട്കറുടെ വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു.
2018ലാണ് മുംബൈ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം മഹാരാഷ്‌ട്ര ഹൗസിങ് ആന്‍ഡ് ഡെവലെപ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്‌ഥരേയും പത്ര ചൗളിലെ താമസക്കാരെയും വഞ്ചിച്ചതിന് എച്ച്ഡിഐഎല്‍ പ്രമോട്ടര്‍മാര്‍ക്കു പുറമേ ഗുരാഷിഷ് ഡയറക്‌ടർമാരായ സാംരഗ്, രാകേഷ് വദ്ധ്വന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
ഇതിന്റെ അന്വേഷണമാണ് പ്രവീണ്‍ റാവത്തിലേക്കും സഞ്‌ജയിലേക്കും നീണ്ടത്. ഗോരേഗാവില്‍ പത്ര ചാള്‍ സ്‌ഥിതി ചെയ്യുന്ന ഭൂമിയുടെ പുനര്‍വികസനത്തിനായി ഗുരാഷിഷ് കണ്‍സ്ട്രക്ഷന്‍സ് എംഎച്ച്എഡിഎയുമായി കരാര്‍ ഒപ്പിട്ടിരുന്നു. പത്ര ചൗളിലെയും മഹാരാഷ്‌ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയിലെയും (എംഎച്ച്എഡിഎ) നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് പകരം ഭൂമി സ്വകാര്യ ബില്‍ഡര്‍മാര്‍ക്ക് വിറ്റ് വഞ്ചിക്കാന്‍ പ്രവീണ്‍ റാവത്ത് നീക്കം നടത്തിയെന്നാണ് കുറ്റം.
Most Read: 20 വർഷത്തോളം ഇംഗ്‌ളീഷ് അധ്യാപകൻ, ഇന്ന് ഓട്ടോ ഡ്രൈവർ; ‘പട്ടാഭി’ പൊളിയാണ്