കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ വിദഗ്‌ധ സംഘം ഇന്ന് സന്ദർശിക്കും. ജിയോളജിസ്‌റ്റ്, ഹൈഡ്രോളജിസ്‌റ്റ്, സോയിൽ കൺസർവേഷനിസ്‌റ്റ്, ഹസാർഡ് അനലിസ്‌റ്റ് എന്നിവരടങ്ങുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തുക. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളും സംഘം കണ്ടെത്തും.
ഈ റിപ്പോർട് ലഭിച്ച ശേഷമാകും ഇവിടെ തുടർവാസം സാധ്യമാകുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. വിലങ്ങാട് കഴിഞ്ഞ ദിവസം തുടങ്ങിയ ഡ്രോൺ പരിശോധന ഇന്നും തുടരും. പ്രദേശത്തെ പലയിടങ്ങളിലായി ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രങ്ങൾ ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അടിച്ചിപ്പാറ, മഞ്ഞച്ചിളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സർവേ പൂർത്തിയാക്കിയത്. ശേഷിച്ച സ്‌ഥലങ്ങളിൽ ഇന്ന് ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തും. വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നാശനഷ്‌ടത്തിന്റെ വിവരങ്ങൾ കൈമാറാൻ ഈ മാസം 20 വരെ സമയം നൽകിയിട്ടുണ്ട്.
വാണിമേൽ പഞ്ചായത്തിലാണ് ഉരുൾ പൊട്ടൽ വൻനാശം വിതച്ചതെങ്കിലും സമീപ പഞ്ചായത്തുകളായ നരിപ്പറ്റ, നാദാപുരം, വളയം, ചെക്യാട്, എടച്ചേരി എന്നീ പഞ്ചായത്തുകളിൽ ഉണ്ടായ നഷ്‌ടങ്ങളുടെ കണക്കെടുപ്പും നടത്തും. ഈ മാസം 30 വരെ നഷ്‌ടങ്ങൾ സംബന്ധിച്ച കണക്ക് കർഷകർക്ക് കൃഷി ഭവനുകളിലൂടെയും നൽകാം. ഇതിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും നഷ്‌ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
Most Read| നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും