ലീഗ് മതാധിഷ്‌ഠിത പാർട്ടി, കോൺഗ്രസ് മതനിരപേക്ഷ മൂല്യങ്ങളിൽ നിന്ന് അകന്ന് പോകുന്നു; എ വിജയരാഘവൻ

By Desk Reporter, Malabar News
a vijayaraghavan
എ വിജയരാഘവൻ
Ajwa Travels

തിരുവനന്തപുരം: മുസ്‌ലിം ലീഗ് മതാധിഷ്‌ഠിത പാര്‍ട്ടി തന്നെയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലീഗുമായി തമിഴ്‌നാട്ടില്‍ സിപിഎമ്മിന് സഖ്യമില്ല, ഡിഎംകെയുമായാണ് സഖ്യമുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് വിജയരാഘവന്റെ പ്രസ്‌താവന.

ലീഗ് ഇപ്പോള്‍ കൂടുതല്‍ മതാധിഷ്‌ഠിത ചേരിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മതാധിഷ്‌ഠിതമായ രാഷ്‌ട്രീയ സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ബിജെപിയുമായും കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്നും വിജയരാഘവന്‍ ആരോപിച്ചു.

ചെന്നിത്തലയും കോൺഗ്രസും മത നിരപേക്ഷ മൂല്യങ്ങളിൽ നിന്ന് അകന്ന് പോകുകയാണ്. സ്വയം ചികിൽസയാണ് ഇപ്പോൾ കോൺഗ്രസിന് വേണ്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

എല്ലാ വര്‍ഗീയതക്കും മതാധിഷ്‌ഠിത രാഷ്‌ട്രീയ ചേരിക്കുമൊപ്പം നിന്ന് അവസരവാദ രാഷ്‌ട്രീയത്തിലൂടെ അധികാരത്തിലെത്താന്‍ എളുപ്പവഴി അന്വേഷിക്കുന്ന അവസ്‌ഥയില്‍നിന്ന് പിന്‍മാറേണ്ടത് കോണ്‍ഗ്രസാണെന്നും ആദ്ദേഹം പറഞ്ഞു. നാടിന് വേണ്ടിയുള്ള നിലപാടാണ് ഇടതു പക്ഷത്തിന്റേതെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട് പോയി മുസ്‌ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചതിനെ വിജയരാഘവൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ വിജയരാഘവൻ വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. രണ്ടു വോട്ടിന് വേണ്ടി ഏത് രീതിയിലുള്ള വർഗീയ പ്രചാരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് എ വിജയരാഘവനിൽ നിന്ന് പുറത്തുവരുന്നത് എന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

“വിജയരാഘവൻ വായ തുറന്നാൽ വർഗീയത മാത്രമാണ് പറയുന്നത്. ഞങ്ങളെ പഠിപ്പിക്കാൻ വിജയരാഘവൻ വളർന്നിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ച നടത്തിയാൽ അതിൽ വർഗീയത കണ്ടെത്താൻ ഇടുങ്ങിയ മനസുള്ളവർക്ക് മാത്രമേ കഴിയുകയുള്ളൂ. ഇത് ജനങ്ങൾക്കിടയിൽ വിലപോകില്ല,”- ചെന്നിത്തല പറഞ്ഞു.

Also Read:  ജനതാദൾ (എസ്) പിളർന്നു; യുഡിഎഫിനൊപ്പം ചേർന്ന് ജോർജ് തോമസ് വിഭാ​ഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE