ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചു; അനുനയ നീക്കത്തിന് തയ്യാറെന്ന് പാകിസ്‌ഥാൻ

കനത്ത സാമ്പത്തിക തകർച്ചയിലൂടെയാണ് പാകിസ്‌ഥാൻ കടന്നുപോകുന്നത്. 2022ലെ പ്രളയം രാജ്യത്തിന്റെ അടിത്തറ ഇളക്കിയിരുന്നു. പകർച്ചവ്യാധികൾക്കൊപ്പം കടുത്ത ദാരിദ്ര്യവും ഇന്ധനക്ഷാമവും രാജ്യത്തെ വരിഞ്ഞുമുറുക്കി. പ്രതിസന്ധികൾക്ക് ഇടയിലൂടെ കടന്നുപോകുന്ന രാജ്യത്തെ നിലവിലെ ഭരണത്തിനെതിരായ ജനങ്ങളുടെ അതൃപ്‌തിയും ഷെഹ്ബാസ് ഷെറീഫ് നേരിടുന്നുണ്ട്.

By Trainee Reporter, Malabar News
Pakistan Prime Minister Shehbaz Sharif
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
Ajwa Travels

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചുവെന്ന് പരസ്യമായി തുറന്നു പറഞ്ഞു പാകിസ്‌ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്‌മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ ചർച്ചക്ക് തയ്യാറാവണമെന്ന് അഭ്യർഥിച്ചാണ് പാകിസ്‌ഥാൻ പ്രധാനമന്ത്രി രംഗത്തെത്തിയത്. പ്രളയ കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്‌ക്കുമ്പോഴാണ് ഷെഹ്ബാസ് ഷെരീഫിന്റെ സമാധാന ചർച്ച.

കശ്‌മീർ അടക്കം സുപ്രധാന വിഷയങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചക്ക് തയ്യാറാകണം. ഇന്ത്യയെയും പാകിസ്‌ഥാനെയും ചർച്ചാ മേശയിൽ എത്തിക്കുന്നതിൽ യുഎഇയ്ക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയും. ദുബായ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അൽ അറേബിയ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യയുമായി നയതന്ത്ര ബന്ധം പുനഃസ്‌ഥാപിക്കാൻ ആഗ്രഹിക്കുന്നതായി ഷെഹ്ബാസ് ഷെരീഫ് വെളിപ്പെടുത്തിയത്.

ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങൾ സമ്മാനിച്ചത് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്‌മ ആണെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീർ അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം ക്ഷണിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും സമാധാനപരമായി ജീവിച്ച് പുരോഗതിയിലേക്ക് നീങ്ങുന്നതും പരസ്‌പരം വഴക്കിട്ട് സമയം കളയുന്നതുമെല്ലാം ഭരണാധികാരികളുടെ കൈയിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇരു രാജ്യങ്ങളും അയൽക്കാരാണ്. എന്നും അടുത്തടുത്ത് കഴിയേണ്ടവർ. കലഹമല്ല, വികസനമാണ് വേണ്ടത്. പണവും സംവിധാനങ്ങളും പാഴാക്കാൻ മാത്രമേ സംഘർഷം ഉപകരിക്കൂ. പാകിസ്‌ഥാൻ മൂന്ന് തവണ ഇന്ത്യയുമായി യുദ്ധം നടത്തി. ദുരന്തവും പട്ടിണിയുമാണ് യുദ്ധം കൊണ്ട് ഉണ്ടായത്. യുദ്ധങ്ങളിൽ നിന്ന് പാകിസ്‌ഥാൻ പാഠം പഠിച്ചു. പ്രശ്‌നം പരിഹരിച്ചുള്ള സമാധാനപരമായ ബന്ധം ആണ് പാകിസ്‌ഥാൻ ആഗ്രഹിക്കുന്നതെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ആണവായുധ ശക്‌തിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരു സംഘർഷം ഉണ്ടായാൽ എന്താകും സംഭവിക്കുമായെന്നും ഷെഹ്ബാസ് ചോദിച്ചു.

എന്നാൽ, കശ്‌മീർ വിഷയത്തിൽ നിലവിലുള്ള ഇന്ത്യയുടെ നയം തിരുത്തണം എന്ന നിലപാട് കൂടി അദ്ദേഹം എടുക്കുന്നുണ്ട്. പക്ഷെ, പാകിസ്‌ഥാൻ ഭീകരർ കശ്‌മീരിൽ നടത്തുന്ന അക്രമങ്ങളെപ്പറ്റി തന്ത്രപരമായ മൗനം പാലിക്കുകയാണ് പ്രധാനമന്ത്രി. എന്നാൽ, ഭീകരതക്കുള്ള പരസ്യ പിന്തുണ അവസാനിപ്പിക്കാതെ പാകിസ്‌ഥാനുമായി ചർച്ചക്ക് ഇല്ലെന്ന നിലപാട് പലവട്ടം ഇന്ത്യ അവർത്തിച്ചിട്ടുണ്ട്.

കശ്‌മീർ ആഭ്യന്തര വിഷയം ആണെന്നും മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി ചർച്ചകൾ സാധ്യമല്ലെന്നും ഇന്ത്യ നേരത്തെ വ്യക്‌തമാക്കിയിരുന്നു. അതിനാൽ തന്നെ, പാക് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്‌താവനയോട് എന്താകും ഇന്ത്യയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി പാകിസ്‌ഥാൻ നേരിടുന്ന സമയത്താണ് ഷെഹ്ബാസ് ഷെരീഫിന്റെ സമാധാനാഭ്യർഥന.

കനത്ത സാമ്പത്തിക തകർച്ചയിലൂടെയാണ് പാകിസ്‌ഥാൻ കടന്നുപോകുന്നത്. 2022ലെ പ്രളയം രാജ്യത്തിന്റെ അടിത്തറ ഇളക്കിയിരുന്നു. പകർച്ചവ്യാധികൾക്കൊപ്പം കടുത്ത ദാരിദ്ര്യവും ഇന്ധനക്ഷാമവും രാജ്യത്തെ വരിഞ്ഞുമുറുക്കി. പ്രതിസന്ധികൾക്ക് ഇടയിലൂടെ കടന്നുപോകുന്ന രാജ്യത്തെ നിലവിലെ ഭരണത്തിനെതിരായ ജനങ്ങളുടെ അതൃപ്‌തിയും ഷെഹ്ബാസ് ഷെറീഫ് നേരിടുന്നുണ്ട്.

തകർച്ചയിൽ നിന്ന് ഐക്യരാഷ്‌ട്ര സഭയോട് പാകിസ്‌ഥാൻ ആവശ്യപ്പെട്ടത് 130000 കോടിയുടെ ധനസഹായമായിരുന്നു. ഈ ഒരു സാഹചര്യത്തിൽ ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി പണം നീക്കിവെക്കാൻ പാകിസ്‌ഥാൻ ആഗ്രഹിക്കുന്നില്ലെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്‌തമാക്കിയിരുന്നു.

Most Read: കോവോവാക്‌സ് വാക്‌സിന് ഡിസിജിഐയുടെ വിപണന അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE