കാഞ്ഞങ്ങാട്: ജില്ലയിൽ തുലാവർഷം റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. ഇക്കുറി 116 ശതമാനം അധികമഴയാണ് കിട്ടിയത്. 92 ദിവസം നീണ്ടുനിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ റെക്കോഡ് മറികടന്നു. 293.9 മില്ലീമീറ്ററാണ് സാധാരണഗതിയിൽ ഈ സമയത്ത് ജില്ലയിൽ കിട്ടുന്നത്. ഇത്തവണയിത് 116 ശതമാനം കൂടി 634.5 മില്ലീമീറ്ററായി.
അതേസമയം, തുലാമഴ സംസ്‌ഥാനത്താകെ സർവകാല റെക്കോഡ് മറികടന്നു. കഴിഞ്ഞമാസം ഒന്നു മുതൽ നവംബർ 15വരെ സംസ്‌ഥാനത്ത് ലഭിച്ചത് 833.8 മില്ലീമീറ്റർ മഴയാണ്. 2010ലാണ് ഇതിന് മുൻപ് ഏറ്റവും കൂടുതൽ മഴകിട്ടിയത്; 822.9 മില്ലീമീറ്റർ. എല്ലാ ജില്ലകളിലും ഇത്തവണ അധികമഴ കിട്ടി. വർധനവിൽ കുറവ് ആലപ്പുഴയിലാണ്; 50 ശതമാനം.
ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും; 194 ശതമാനം അധികമഴയാണ് അവിടെ ലഭിച്ചത്. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ 121 വർഷത്തെ രേഖപ്രകാരം തുലാവർഷ മഴ 800 മില്ലിമീറ്ററിൽ കൂടുതൽ ലഭിച്ചത് ഇതിന് മുൻപ് രണ്ടുതവണ മാത്രമാണ്. 2010ലും 1977ലും. ഈ വർഷം തന്നെ 2021 ജനുവരിയിലും ഒക്‌ടോബറിലും മഴ റെക്കോഡ് മറികടന്നിരുന്നു.
Read Also: തേങ്ങ ഉടയ്‌ക്കുന്നത് ക്ഷേത്രകാര്യം; ആചാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി