കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സമരത്തിൽ ഏർപ്പെട്ട ഡോക്‌ടർമാർ സർക്കാരുമായി ചർച്ചക്ക് തയ്യാറാകാൻ വ്യവസ്‌ഥകൾ മുന്നോട്ടുവെച്ചു. മുഖ്യമന്ത്രി മമതാ ബാനർജി ചർച്ചയിൽ പങ്കെടുക്കണം, ചർച്ച തൽസമയം സംപ്രേഷണം ചെയ്യണമെന്നുമുള്ള വ്യവസ്‌ഥകളാണ് സമരക്കാർ മുന്നോട്ടുവെച്ചത്.
ഇന്ന് പുലർച്ചെയാണ് സംസ്‌ഥാന സർക്കാർ ഡോക്‌ടർമാരെ ചർച്ചക്ക് ക്ഷണിച്ചത്. ചർച്ചക്കായി 12 മുതൽ 15 പ്രതിനിധികളെ അയക്കണമെന്നാണ് ചീഫ് സെക്രട്ടറി മനോജ് പന്ത് ആവശ്യപ്പെട്ടത്. ചർച്ചയിൽ മുഖ്യമന്ത്രി പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് ക്ഷണക്കത്തിൽ വ്യക്‌തത ഉണ്ടായിരുന്നില്ല. കൂടാതെ, സുപ്രീം കോടതി ഉത്തരവ് ധിക്കരിക്കുന്ന ഡോക്‌ടർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചനയും ചീഫ് സെക്രട്ടറി കത്തിൽ നൽകിയിരുന്നു.
ഇതോടെയാണ് ചില വ്യവസ്‌ഥകൾ മുന്നോട്ടുവെച്ച് ഇന്ന് വൈകിട്ടോടെ സമരക്കാർ മറുപടിക്കത്ത് നൽകിയത്. നിരവധി മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും ഡോക്‌ടർമാർ സമരത്തിലേർപ്പെട്ടതിനാൽ പ്രതിനിധി സംഘത്തിൽ കുറഞ്ഞത് 30 പേരെങ്കിലും ഉണ്ടാകുമെന്നാണ് സമരക്കാർ അറിയിച്ചത്.
വനിതാ ഡോക്‌ടറുടെ ബലാൽസംഗ കൊലപാതകത്തിൽ ഇടപെട്ട സുപ്രീം കോടതി, പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാൻ സമരം ചെയ്യുന്ന ഡോക്‌ടർമാരോട് നിർദ്ദേശിച്ചിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിനകം ജോലിയിലേക്ക് പ്രവേശിക്കണമെന്നാണ് കോടതി ഇന്നലെ നിർദേശിച്ചിരുന്നത്. എന്നാൽ, സമരം അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം അംഗീകരിക്കില്ലെന്നായിരുന്നു ഡോക്‌ടർമാരുടെ നിലപാട്.
Most Read| സൗരയൂഥത്തിന് പുറത്ത് ആറ് പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ