തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിലയിരുത്തുന്നതിനായി കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശത്തിന് സാധ്യതയുണ്ട്. അനുകൂല സാഹചര്യങ്ങള്‍ അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിരുന്നു.
സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ ഭരണ മുന്നണിക്ക് വിജയാന്തരീക്ഷം ഒരുക്കിയതില്‍ പ്രതിപക്ഷതത്തിന് പ്രധാന പങ്കുണ്ടെന്ന് യുഡിഎഫില്‍ തന്നെ വിമര്‍ശനം ശക്തമാണ്. ഗ്രൂപ്പ് അടിസ്‌ഥാനത്തിലുള്ള സ്‌ഥാനാർഥി നിര്‍ണയവും താഴേത്തട്ടില്‍ പരാതികള്‍ക്ക് ഇടയാക്കി.
നേതാക്കള്‍ക്ക് ഏകപക്ഷീയ തീരുമാനങ്ങളെന്ന ആരോപണവും പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലെന്ന പരാതിയും കൂടുതല്‍ ശക്‌തമാകും. നേതാക്കളുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുള്ള കെ മുരളീധരനും കെ സുധാകരനും ഇന്നത്തെ രാഷ്‌ട്രീയകാര്യ സമിതിയിലും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും വടകരയില്‍ ആര്‍എംപിയുമായുളള സഹകരണവും ഉള്‍പ്പെടെ വിവാദ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടില്‍ കെപിസിസി അധ്യക്ഷനെ തന്നെ പ്രതിസ്‌ഥാനത്ത് നിര്‍ത്തുകയാണ് ഒരുവിഭാഗം. ആരോപണങ്ങളെയും ആക്ഷേപങ്ങളെയും നേതൃത്വം എങ്ങനെ പ്രതിരോധിക്കുമെന്നതും ശ്രദ്ധേയമാണ്.
Read also: പദ്ധതികൾ പാഴായി; കാരണങ്ങൾ തേടി ബിജെപി; കേന്ദ്രത്തെ അറിയിക്കും