മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യമൊരുക്കി മഅ്ദിന്‍ ആര്‍ട്സ് & സയന്‍സ് കോളേജ്

By Desk Reporter, Malabar News
Ajwa Travels

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്-2 വും അതിന് മുകളിലേക്കും വിദ്യ നേടാനുള്ള സൗകര്യം ഒരുക്കുകയാണ് മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. സവിശേഷതയുള്ള ഇത്തരം കുട്ടികള്‍ക്ക് വേണ്ടി ഒന്നാം ക്ലാസ്സ് മുതല്‍ പത്ത് വരെയുള്ള സ്‌കൂള്‍ നിലവില്‍ മഅ്ദിന്‍ നടത്തുന്നുണ്ട്. അത് കൂടാതെയാണ്, മാനസിക സവിശേഷതകളുള്ള കുട്ടികള്‍ക്കായി ഉന്നത വിദ്യാഭാസ രംഗത്തേക്ക് കൂടി മഅ്ദിന്‍ പ്രവേശിക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അംഗീകൃത കോഴ്സ്, 3 വര്‍ഷത്തേക്കുള്ള റെഗുലര്‍ കോഴ്സ്, രക്ഷിതാക്കള്‍ക്ക് പ്രത്യേക പരിശീലനം, സാമൂഹിക ഇടപെടലുകള്‍ക്കും പഠനേതര പദ്ധതികള്‍ക്കും പ്രത്യേകം ഊന്നല്‍, കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നൈപുണ്യ പരിശീലനം, പഠനനിലവാരം അനുസരിച്ച് വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ്, കുടുംബത്തോടൊപ്പം താമസിച്ചു പഠിക്കാനുള്ള സംവിധാനം, പഠനത്തോടൊപ്പം തന്നെ തൊഴില്‍ പരിശീലനം, തെറാപ്പി സേവനങ്ങള്‍, പഠന വിഷയങ്ങളില്‍ വ്യക്തിഗത ശ്രദ്ധക്കായുള്ള സേവനം, പരീക്ഷകള്‍ക്ക് പ്രത്യേക എഴുത്തുകാരുടെ സഹായം എന്നിവയെല്ലാം പാഠ്യ പദ്ധതിയുടെ പ്രത്യേകതയാണെന്നും മഅ്ദിന്‍ അധികൃതര്‍ വ്യക്തമാക്കി.

Khaleel Al Bukhari _ Malabar News
സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി

ഭിന്നശേഷി മേഖലയില്‍ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ നവീന ആശയങ്ങളും പദ്ധതികളും നടപ്പിലാക്കാനായി മാത്രം ഒരു പ്രസ്ഥാനം രണ്ട് വര്‍ഷം മുന്‍പ് നമ്മള്‍ ആരംഭിച്ചിട്ടുണ്ട്. ‘ഏബിള്‍ വേള്‍ഡ്’ എന്നാണ് പ്രസ്ഥാനത്തിന് നല്‍കിയിരിക്കുന്ന പേര്. ഇതിനാവശ്യമായ പ്രാഥമിക കെട്ടിടം ഉണ്ടാക്കി നല്‍കിയത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ്. ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്; മഅ്ദിന്‍ അക്കാദമി സ്ഥാപകനും ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി വ്യക്തമാക്കി.

ജനസംഖ്യ പെരുകിയത് അനുസരിച്ച്; ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുമുഖവൈകല്യം, ശൈശവമനോരോഗം, പഠനവൈകല്യം തുടങ്ങിയ മാനസിക വെല്ലു വിളികള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇവരില്‍ 5% ശതമാനത്തിന്റെ അവകാശങ്ങളെ പോലും നാം അഭിസംബോധന ചെയ്തിട്ടില്ല. ഇവരെയും കൂടി ഉള്‍ക്കൊള്ളാനുള്ള മനസ്സ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയും സമൂഹവും കാണിക്കേണ്ടതുണ്ട്. അത് മാനവ രാശിയുടെ ബാധ്യതയാണ്. എങ്കില്‍ മാത്രമേ നമ്മുടെ ജീവിതം പൂര്‍ണ്ണമാകൂ എന്നാണ് ഏബിള്‍ വേള്‍ഡിനാവശ്യമായ ആദ്യ കെട്ടിട്ടം പണിതു നല്‍കിയ എം.എ യൂസഫലിയുടെ വാക്കുകള്‍.

MA Yusuf Ali _ Malabar News
എം.എ യൂസഫലി

ബുദ്ധിപരമായ പരിമിതികള്‍ അക്കാദമിക മികവിന് തടസ്സമല്ല. മാത്രവുമല്ല, ഇത്തരം കുട്ടികള്‍ മിക്കപ്പോഴും ഭിന്ന ശേഷി പ്രകടിപ്പിക്കുന്ന കുട്ടികള്‍ ആയിരിക്കും.സാധാരണ കുട്ടികളേക്കാള്‍ ചില കാര്യങ്ങളില്‍ മികവ് പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. പലപ്പോഴും ശരിയായ ദിശാ ബോധം നിര്‍ണ്ണയിച്ചു നല്‍കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇത്തരം ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട് പോകുന്നത്. ഇത്തരം കുട്ടികളെ പ്രത്യേക പരിഗണനയും ശ്രദ്ധയും നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് മഅ്ദിന്‍ ലക്ഷ്യം വെക്കുന്നത്. ഇത് ഉന്നതമായ ദൈവീക കര്‍മ്മമായാണ് മഅ്ദിന്‍ പരിഗണിക്കുന്നത്. അത് കൊണ്ട് തന്നെ, മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികളുടെ സമഗ്ര ജീവിതം ലക്ഷ്യമാക്കിയാണ് പാഠ്യ പദ്ധതികളുടെ പ്രയോഗവും പരിശീലനവും ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്; പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ മുഹമ്മദ് അസ്റത്ത് മലബാര്‍ ന്യൂസിനോട് പറഞ്ഞു.

അസിം പ്രേംജി സര്‍വ്വകലാശാലയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച മുഹമ്മദ് അസ്റത്ത് മാനസിക സവിശേഷതയുള്ള ഒരു കുട്ടിയുടെ പിതാവ് കൂടിയാണ്. കൂടാതെ, ഈ രംഗത്തെ മികച്ച സ്ഥാപനങ്ങളില്‍ ഒന്നായ ‘സ്റ്റെപ് ഇന്ത്യാ ഫൗണ്ടേഷന്‍’ സ്ഥാപകനും ലോക ബാങ്ക് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഉപജീവന പദ്ധതിയില്‍ സഹകരിച്ചുള്ള പരിജ്ഞാനവും ഇദ്ദേഹത്തിനുണ്ട്.

ഇദ്ദേഹം തുടര്‍ന്ന് പറയുന്നു; ഭിന്നശേഷി വിഭാഗങ്ങളുടെ പരിശീലനത്തിനും പുനരധിവാസത്തിനും അനിവാര്യമായ നൂതനമായ സംവിധാനങ്ങളും വിദഗ്ദ്ധരുടെ സേവനവും ഉപയോഗിച്ച് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്പീച്ച് തെറാപ്പിസ്റ്റ് , ഒക്യൂപേഷണല്‍ തെറാപ്പിസ്റ്റ്, ബിഹേവിയറല്‍ തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കൗണ്‍സിലര്‍, സോഷ്യല്‍വര്‍ക്കര്‍, സ്പെഷ്യല്‍ എജുക്കേറ്റര്‍, സൈക്യാട്രിസ്റ്റ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘത്തിന്റെ സേവനം ആവശ്യാനുസരണം ഉറപ്പു വരുത്തിയാണ് മുന്നോട്ടു നീങ്ങുക. ഇടവേളകളിലുള്ള വിലയിരുത്തലുകളും രക്ഷിതാവിനെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വ്യക്തിഗത പാഠ്യ – പാഠ്യേതര പദ്ധതിയും നിരന്തരമായ സാമൂഹിക ഇടപെടലുകള്‍ക്കുള്ള അവസരങ്ങളും ഇവിടെ ലഭ്യമാക്കും.

2020-21 ലേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു.അപേക്ഷ ഓണ്‍ലൈനായി www.ableworld.org എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇനിപ്പറയുന്ന നമ്പറുകളില്‍ രാവിലെ 10 മുതല്‍ രാത്രി പത്ത് വരെ ബന്ധപ്പെടാവുന്നതാണ് ; 812 376 1245, 963 303 1121

മഅ്ദിന്‍ അക്കാദമി:

സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ 1997 ലാണ് മഅ്ദിന്‍ അക്കാദമി ആരംഭിച്ചത്. ഇന്ന് മുപ്പതിലധികം സ്ഥാപനങ്ങളിലായി ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു.

മലേഷ്യ ആസ്ഥാനമായ അന്തര്‍ദേശീയ ഇസ്‌ലാമിക് സര്‍വ്വകലാശാല ഉള്‍പ്പടെ നിരവധി ലോകോത്തര വിദ്യഭ്യാസ പ്രസ്ഥാനങ്ങളുമായി ധാരണാ പത്രങ്ങള്‍ ഒപ്പ്വെച്ചിട്ടുള്ള സ്ഥാപനമാണ് മഅ്ദിന്‍ അക്കാദമി. മലേഷ്യന്‍ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റോടെയുള്ള ഇസ്ലാമിക് ബാങ്കിങ് പഠിപ്പിക്കാനുള്ള കേന്ദ്രമായും ജാമിഅ മില്ലിയ്യയുടെ സ്റ്റഡിസെന്ററായും മഅ്ദിന് നിലവില്‍ അംഗീകാരമുണ്ട്. സ്പാനിഷ് ഭാഷാ പഠനത്തെ വിപുലപ്പെടുത്തുന്നതിന് വേണ്ടി മഅ്ദിന്‍ അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ടോ സെര്‍വാന്‍തസുമായി സഹകരണ കരാറിലെത്തിയിരുന്നു. സാംസ്‌കാരിക-ചരിത്ര പഠന മേഖലയിലെ സഹകരണത്തിന് യുഎസ് ആസ്ഥാനമായ ഷെന്‍ഗെ ഇന്റര്‍നാഷണല്‍ പീസ് ഫൗണ്ടേഷനും മഅ്ദിന്‍ അക്കാദമിയും തമ്മില്‍ മുന്‍പ് ധാരണാപത്രത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

Able World Logo_ Malabar News

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE