അബുദാബി: ലുലു എക്‌സ്‌ചേഞ്ച് അതിന്റെ പ്രചരണഭാഗമായി നടത്തിയ ‘Send Money Win Home‘ ക്യാമ്പയിനിലെ മെഗാ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്‌തു. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച്, ഡിസംബർ 31ന് അവസാനിച്ച ക്യാമ്പയിനിൽ ദുബൈയിൽ ഒരു വീടും, ഒരു ഔഡി കാറും, സ്വർണ നാണയങ്ങളും ഗിഫ്റ്റ് വൗച്ചറുകളും ഉൾപ്പടെ ആകെ പത്തുലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് ലുലു എക്‌സ്‌ചേഞ്ച് ഏർപ്പെടുത്തിയിരുന്നത്.
സമ്മാനങ്ങളിലെ ഏറ്റവും ഉയർന്ന സമ്മാനമായ ദുബായിലെ വീട് മലയാളിക്കാണ് ലഭിച്ചത്. പത്തനംതിട്ട നെടിയൂർ സ്വദേശി ബ്രിജൽ ജോൺ (മോനിച്ചൻ) പള്ളത്തുശേരിയാണ് ഒന്നാം സമ്മാനമായ വീട് ദുബൈയിൽ സ്വന്തമാക്കിയത്. ഇന്തോനേഷ്യൻ വംശജനായ ഇദ ബഗൂസ് മാധേ സുത്തമക്കാണ് ഔഡി കാർ ലഭിച്ചത്.
ദുബൈയിൽ നടന്ന ചടങ്ങിൽ മെഗാ വിജയികൾക്കുള്ള സമ്മാനമായ ദുബായ് വീടും കാറും ലുലു എക്‌സ്‌ചേഞ്ച് അസിസ്‌റ്റന്റ് വൈസ് പ്രസിഡണ്ട് തമ്പി സുദർശനൻ, ജനറൽ മാനേജർ ഷൈജു മോഹൻദാസ് എന്നിവർ വിതരണം ചെയ്‌തു.
‘ലുലു എക്‌സ്‌ചേഞ്ച് തുടർച്ചയായ വിജയത്തിൽ തുടരുന്നതിന് കാരണം ഞങ്ങളുടെ ഉപഭോക്‌താക്കൾ തരുന്ന പിന്തുണയാണ്. അതുകൊണ്ടുതന്നെ അവർക്ക് ഏറ്റവും മികച്ച സമ്മാനങ്ങൾ നൽകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്‘ -ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മേധാവി അദീബ് അഹമ്മദ് പറഞ്ഞു. മികവുറ്റ സേവനം നൽകുന്നതിനൊപ്പം ഉപഭോക്‌താക്കൾ ഞങ്ങളിലർപ്പിക്കുന്ന ദൃഢ വിശ്വാസത്തിന് നന്ദിയായി ക്യാമ്പയിനുകളിലൂടെ പാരിതോഷികങ്ങളും സമ്മാനങ്ങളും നൽകി അവർക്ക് കൂടുതൽ സന്തോഷം നൽകുകയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നതെന്നും അദീബ് അഹമ്മദ് വ്യക്‌തമാക്കി.
‘ക്യാമ്പയിനിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ഉപഭോക്‌തൃ പങ്കാളിത്തം ഉണ്ടാകുകയും ശ്രദ്ധ നേടുകയും വിജയിക്കുകയും ചെയ്‌തതിൽ ഞങ്ങൾ അത്യധികം സന്തോഷിക്കുന്നു. കൂട്ടായ ഉദ്യമത്തിലൂടെ കൂടുതൽ ഉപഭോക്‌താക്കളെ ക്യാമ്പയിനിൽ പങ്കെടുപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ക്യാമ്പയിനിൽ പങ്കെടുത്ത ഓരോ ഉപഭോക്‌താക്കളോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നതിനൊപ്പം സമ്മാനം നേടിയ എല്ലാ വിജയികളെയും ഞങ്ങൾ അനുമോദിക്കുന്നു‘. -തമ്പി സുദർശനൻ പറഞ്ഞു.
ബ്രിജൽ ജോണിനിത് വിസ്‌മയമാകുന്ന വിവാഹസമ്മാനം
ദുബൈയിൽ ഒരുവീടെന്ന ഏതൊരു പ്രവാസിയുടെയും സ്വപ്‌നം, തന്റെ ജീവിതത്തിൽ യാഥാർഥ്യമായ ത്രില്ലിലാണ് ബ്രിജൽ ജോൺ. പത്തനംതിട്ട നെടിയൂർ സ്വദേശി ബ്രിജൽ ജോൺ പള്ളത്തുശേരിക്ക് വിസ്‌മയസമ്മാനമായി ലഭിച്ച ഈ വീട് കല്യാണ സമ്മാനമാണ്. വരുന്ന മാർച്ചിലാണ് ബ്രിജിൽ ജോൺ വിവാഹിതനാകുന്നത്.
മക്കളിൽ മുത്തവനാണ് എഞ്ചിനിയറായ ബ്രിജൽ ജോൺ. അഛനും അമ്മയും രണ്ട് അനിയൻമാരും അച്ചാച്ചനും അമ്മാമയും അടങ്ങിയതാണ് ബ്രിജലിന്റെ കുടുംബം. കല്യാണത്തിന് മുന്നോടിയായി നാട്ടിൽ വീട് പണി പുരോഗമിക്കവേയാണ് ലുലു എക്‌സ്‌ചേഞ്ച് നൽകിയ വിസ്‌മയസമ്മാനം ബ്രിജലിനെ തേടിയെത്തിയത്. ‘വീട് ലഭിച്ചത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, എന്റെ സ്വപ്‌ന ഭവനമാണ് ഇത്‘-ബ്രിജൽ ജോൺ പറയുന്നു.

മൂത്തമകൻ എന്ന നിലയിൽ ഉത്തരവാദിത്തം കൂടുതലായിരുന്നു ബ്രിജലിന്. കോവിഡിന്റെ ആരംഭത്തിൽ 2020ലാണ് ബ്രിജൽ ആദ്യമായി ദുബൈയിലെത്തുന്നത്. എന്നാൽ കോവിഡ് രൂക്ഷമായതോടെ ജോലി നഷ്‍ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി. ഏഴ് മാസം കഴിഞ്ഞാണ് ജോലിക്കായി വീണ്ടും യുഎഇലെത്തിയത്. ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ബ്രിജൽ ശമ്പളം ലഭിച്ചാൽ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പണമയക്കാറുണ്ട്.
‘ലുലു എക്‌സ്‌ചേഞ്ച് ദിർഹത്തിന് നല്ല മൂല്യം നൽകുന്നതും പണമയക്കാനുള്ള സർവീസ് ചാർജ് കുറവുള്ളതും കാരണം ലുലു വഴിയാണ് എപ്പോഴും നാട്ടിലേക്ക് ക്യാഷ് അയക്കാറുള്ളത്. എനിക്കും കുടുംബത്തിനും ലുലു എക്‌സ്‌ചേഞ്ചിനോട് നന്ദിയുണ്ട്‘-ബ്രിജിൽ പറഞ്ഞു.
Related: എന്താണ് വ്യാപകമാകുന്ന മാനസിക ദൗർബല്യ രോഗം സ്‌കീസോഫ്രീനിയ?