കൊൽക്കത്ത: ഹത്രസ് സംഭവത്തിനെതിരേ കൊൽക്കത്തയിൽ പ്രതിഷേധ മാർച്ചുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 20-കാരിയായ ദളിത് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ ഹത്രസ് ഭീകരത എന്ന പേരിൽ മാർച്ച് സംഘടിപ്പിച്ചത്.
Also Read: രാഹുലും പ്രിയങ്കയും ഹത്രസിലേക്ക്
വൈകുന്നേരം 4 മണിക്ക് കൊൽക്കത്തയിലെ ബിർള പ്ലാനറ്റോറിയത്തിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. തുടർന്ന് ഗാന്ധി പ്രതിമയിലേക്കും മധ്യ കൊൽക്കത്തയിലേക്കും 3 കിലോ മീറ്റർ നടത്തം തുടർന്നു. കോവിഡ് മഹാമാരി ആരംഭിച്ച് ആറ് മാസത്തിന് ശേഷം ആദ്യമായാണ് മമതാ ബാനർജി തെരുവിലിറങ്ങുന്നത്. സുരക്ഷാ ഉദ്യോഗസ്‌ഥരുടെ അകമ്പടിയോടെയാണ് മമത മാർച്ചിൽ പങ്കെടുത്തത്.
യുപി സർക്കാർ ഹത്രസ് കേസ് കൈകാര്യം ചെയ്‌ത രീതിയെ വിമർശിച്ച് കൊണ്ട് വ്യാഴാഴ്‌ച മമത രംഗത്തെത്തിയിരുന്നു. ദളിത് സമുദായത്തെ സർക്കാർ വോട്ടിനായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും അവർക്കെതിരെയുള്ള പീഡനങ്ങൾ തുടരുകയാണെന്നും മമതാ ബാനർജി ആരോപിച്ചു.
‘തെരഞ്ഞെടുപ്പ് സമയത്ത് പുറത്ത് നിന്ന് ഭക്ഷണം വാങ്ങി അവർ ദളിതരുടെ വീട്ടിലെത്തും. എന്നിട്ട് ഞങ്ങൾ ദളിത് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു എന്ന് അവകാശപ്പെടും. തെരഞ്ഞെടുപ്പിന് ശേഷം അവരെ പീഡിപ്പിക്കുന്നു, തല്ലിച്ചതക്കുന്നു’ -മമത പറഞ്ഞു.