മനീഷ് തുടങ്ങി, വിജയ് തീര്‍ത്തു; ആവേശ കൂട്ടുകെട്ടില്‍ ഹൈദരാബാദിന് വിജയം

By Sports Desk , Malabar News
Ajwa Travels

ദുബായ്: മനീഷ് പാണ്ഡെ- വിജയ് ശങ്കര്‍ സഖ്യത്തിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടിന്റെ മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ട് വിക്കറ്റിന് രാജസ്‌ഥാൻ റോയല്‍സിനെ തോല്‍പ്പിച്ചു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ജോണി ബെയർസ്‌റ്റോ എന്നിവരുടെ വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ഹൈദരാബാദ് 18.1 ഓവറില്‍ വിജയ ലക്ഷ്യമായ 155 റണ്‍സ് നേടി. 45 പന്തില്‍ നിന്ന് 7 സിക്‌സും നാല് ഫോറും അടക്കം 83 റണ്‍സ് നേടിയ മനീഷ് പാണ്ഡെയും 52 റണ്‍സോടെ വിജയ് ശങ്കറും പുറത്താകാതെ നിന്നു.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്‌ഥാന് റോബിന്‍ ഉത്തപ്പ മികച്ച തുടക്കമാണ് നല്‍കിയത്. ഒരറ്റത്ത് ബെന്‍ സ്‌റ്റോക്‌സ് ബോള്‍ കണക്റ്റ് ചെയ്യാന്‍ വിഷമിച്ചപ്പോള്‍ മറുഭാഗത്ത് ഹോള്‍ഡറിനെ ലോംഗ് ഓഫിലൂടെ ബൗണ്ടറി കടത്തി തുടങ്ങിയ ഉത്തപ്പ സന്ദീപിനെ സ്‌ക്വയർ ലെഗിലൂടെ ഗ്യാലറിയിലെത്തിച്ച് മികച്ച ഫോമിലാണെന്ന് തോന്നിപ്പിച്ചു. എന്നാല്‍ മികച്ച രീതിയില്‍ മുന്നേറുമ്പോള്‍ അനാവശ്യ റണ്ണിന് ശ്രമിച്ച മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് പുറത്തിറങ്ങിയ ഉത്തപ്പ ബൗളര്‍ ഹോള്‍ഡറിന്റെ നേരിട്ടുള്ള ഏറില്‍ റണ്‍ ഔട്ട് ആയി മടങ്ങുമ്പോള്‍ ഒരു സിക്‌സും രണ്ട് ഫോറുമടക്കം 13 പന്തില്‍ നിന്ന് 19 റണ്‍സ് നേടിയിരുന്നു.

വണ്‍ ഡൗണ്‍ ആയി ക്രീസിലെത്തിയ സഞ്‌ജു സാംസണ്‍ സന്ദീപിനെ തുടര്‍‍ച്ചയായി രണ്ട് തവണ ബൗണ്ടറി കടത്തി മികച്ച ഫോമിന്‍റെ സൂചനകള്‍ നല്‍കി. മോശം പന്തുകളെ തിരഞ്ഞ് പിടിച്ച് ബൗണ്ടറി കടത്തുകയും അര്‍ഹിക്കുന്ന പന്തുകള്‍ക്ക് ബഹുമാനം നല്‍കിയും ഉത്തരവാദിത്തത്തോടെ ആണ് സഞ്‌ജു ഇന്നിംഗ്സ് കെട്ടിപ്പൊക്കിയത്. എന്നാല്‍ 12ആം ഓവറിലെ മൂന്നാം പന്തില്‍ ഹോള്‍ഡറിനെ പുള്‍ ഷോട്ടിലൂടെ ഗ്യാലറിയില്‍ എത്തിച്ച സഞ്‌ജു തൊട്ടടുത്ത പന്തില്‍ വീണ്ടും കൂറ്റനടിക്ക് ശ്രമിച്ച് (36) ക്‌ളീന്‍ ബൗള്‍ഡ് ആയി.

വ്യക്‌തിഗത സ്‌കോർ 17ലും 19ലും നില്‍ക്കുമ്പോള്‍ രണ്ട് തവണ ജീവന്‍ ലഭിച്ച സ്‌റ്റോക്‌സ് റഷീദ് ഖാന്‍ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ പുറത്തായി. സ്‌റ്റോക്‌സ് 32 പന്തില്‍ നിന്ന് 30 റണ്‍സ് ആണ് നേടിയത്. കഴിഞ്ഞ മത്സരത്തിലെ താരം ജോസ് ബട്ലര്‍ (9) ശങ്കറിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ഷഹ്ബാസ് നദീം പിടിച്ച് പുറത്തായി. ആദ്യ രണ്ട് വിക്കറ്റുകള്‍ക്ക് ശേഷം തുടരെ വിക്കറ്റുകള്‍ വീണത് മധ്യ ഓവറുകളില്‍ റണ്‍ നിരക്ക് കുറഞ്ഞു.

19ആം ഓവറിലെ ആദ്യ പന്ത് ഗ്യാലറിയിലേക്ക് പായിക്കാനുള്ള ക്യാപ്റ്റന്‍ സ്‌മിത്തിന്റെ ശ്രമം (15 ബോളില്‍ 19) ബൗണ്ടറി ലൈനിന് അരികില്‍ മനീഷ് പാണ്ഡെയുടെ കൈകളില്‍ ഒതുങ്ങി. അതേ ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച പരാഗിനെ (12 ബോളില്‍ 20) ശ്രമകരമായ ക്യാച്ചിലൂടെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പുറത്താക്കി. അവസാന പന്തില്‍ സിക്‌സ് അടിച്ച ജോഫ്ര ആര്‍ച്ചറിന്റെ (7 ബോളില്‍ 16) പ്രകടനം ആണ് ഒരു ഘട്ടത്തില്‍ 180 കടക്കുമെന്ന് കരുതിയ രാജസ്‌ഥാനെ 154-ല്‍ എങ്കിലും എത്തിച്ചത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ ബാറ്റ് വെച്ച ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ (4) സെക്കന്‍ഡ് സ്ളിപ്പില്‍ ബെന്‍ സ്‌റ്റോക്‌സ് പറന്ന് പിടിച്ചു. തന്റെ രണ്ടാം ഓവറില്‍ മികച്ച രീതിയില്‍ കളിച്ച് വന്ന ബെയർസ്‌റ്റോവിന്റെ (7 ബോളില്‍ ഫോറും സിക്‌സും ഉള്‍പ്പെടെ 10) വിക്കറ്റ് പിഴുത് ആര്‍ച്ചര്‍ ഹൈദരാബാദിന് രണ്ടാമത്തെ പ്രഹരം ഏല്‍പിച്ചു.

എന്നാല്‍ ഫസ്‌റ്റ് ഡൗണ്‍ ആയി മനീഷ് പാണ്ഡേ ക്രീസിലെത്തിയതോടെ കളിയുടെ ഗതി മാറി. തകര്‍പ്പന്‍ ഫോമില്‍ ആയിരുന്ന മനീഷ് ഫീല്‍ഡിംഗ് നിയന്ത്രണത്തിന്റെ സാധ്യത മുതലാക്കി പ്രത്യാക്രമണം ആരംഭിച്ചതോടെ പന്ത് ബൗണ്ടറിയിലേക്കും ഗ്യാലറിയിലേക്കും പല തവണ പറന്നു. നിയന്ത്രണമില്ലാതെ പന്ത് എറിഞ്ഞ കാര്‍ത്തിക് ത്യാഗിയും ബെന്‍ സ്‌റ്റോക്‌സും ആണ് കൂടുതല്‍ പ്രഹരം ഏറ്റ് വാങ്ങിയത്. ഇതിനിടെ 28 പന്തുകളില്‍ നിന്ന് 5 സിക്‌സും മൂന്ന് ഫോറുമടക്കം മനീഷ് അര്‍ധ ശതകം തികച്ചു. മനീഷിന് വിജയ് ശങ്കര്‍ മികച്ച പിന്തുണ നല്‍കിയതോടെ ഹൈദരാബാദ് വിജയം ഉറപ്പിക്കുകയായിരുന്നു.

Read Also: ബ്ളാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം ഡബിള്‍ സ്ട്രോങ് ആവും; വരവറിയിച്ച് കോനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE