വയനാട്: മീൻമുട്ടി വെള്ളച്ചാട്ടം തുറക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ടൂറിസം പ്രധാന വരുമാന മാർഗമായിരുന്ന വടുവൻചാൽ പ്രദേശത്തെ ഇപ്പോഴത്തെ പ്രതിസന്ധി മാറാൻ കേന്ദ്രം തുറക്കുകയാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളചാട്ടമായ മീൻമുട്ടിയിൽ സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ ഏഴ് വർഷമായി സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇതുമൂലം കൃഷിയും വിനോദസഞ്ചാരവും സാമ്പത്തിക അടിത്തറയായി മാറിയ വടുവൻചാൽ പ്രദേശത്തെ നാട്ടുകാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വനംവകുപ്പിന് കീഴിലാണ് കേന്ദ്രം സ്‌ഥിതി ചെയ്യുന്നത്. മുൻപ് ഉന്നത ഉദ്യോഗസ്‌ഥർ ഉൾപ്പടെ സ്‌ഥലം സന്ദർശിച്ചിരുന്നെങ്കിലും വെള്ളച്ചാട്ടം തുറക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടായില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ടൂറിസ്‌റ്റ് കേന്ദ്രം കൂടിയാണ് മീൻമുട്ടി.
എങ്കിലും കേന്ദ്രം തുറക്കാനുള്ള അനിശ്‌ചിതത്വം ഇപ്പോഴും തുടരുകയാണ്. മതിയായ സുരക്ഷ ഇല്ലെന്ന കാരണം പറഞ്ഞാണ് മീൻമുട്ടി ഇപ്പോഴും അടഞ്ഞു കിടക്കുന്നത്. സൂചിപ്പാറ, കാന്തൻപാറ വെള്ളച്ചാട്ടങ്ങൾക്കൊപ്പം ചാലിയാറിലേക്ക് വെള്ളം എത്തിക്കുന്നതിൽ പ്രധാനിയാണ് മീൻമുട്ടി. മലമുകളിൽ നിന്ന് മൂന്ന് തട്ടായി താഴേക്ക് പതിക്കുന്ന ഈ ജലധാര വടുവൻചാൽ പ്രദേശത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കിയിരുന്നു.
കോവിഡ് ഇളവുകളെ തുടർന്ന് വിനോദ സഞ്ചാര മേഖലകൾ തുറക്കാനുള്ള അനുമതി വന്നതോടെ മീൻമുട്ടിയും തുറക്കുമെന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിയിരുന്ന കച്ചവടക്കാർ നിരാശരാവുകയാണ് ചെയ്‌തത്. പ്രദേശത്തെ 150 ഓളം കുടുംബങ്ങൾക്ക് വരുമാനമായിരുന്നു മീൻമുട്ടി.
Most Read: പുരാവസ്‌തു തട്ടിപ്പുകേസ്; മോൻസൺ മാവുങ്കൽ റിമാൻഡിൽ