കൊച്ചി: ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. നിർമാണ പ്രവർത്തനങ്ങള്‍ പോലും കോടതികള്‍ തടസപ്പെടുത്തുന്നുവെന്നും കോടതി നിയോഗിച്ച വിദഗ്‌ധ കമ്മിറ്റികളുടെ പ്രവർത്തനം ശരിയാണോയെന്ന് കോടതി തന്നെ പരിശോധിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.
കോടതി ഇടപെടലുകള്‍ ശരിയാണോയെന്ന് തോന്നിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. പ്രവർത്തനങ്ങള്‍ പോലും തടസപ്പെടുത്തുന്ന രീതിയിൽ കോടതിയുടെ ഇടപെടലുണ്ടാകുന്നു. കോടതികള്‍ ദന്തഗോപുരങ്ങളല്ല. സ്‌ഥായിയായി നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കണം. കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണ്. ചിലത് ബോധ്യപ്പെടുന്നുണ്ട്.
എന്നാൽ മറ്റ് ചിലത് ബോധ്യപ്പെടുന്നില്ല. കോടതി നിയോഗിച്ച വിദ്ഗധ കമ്മിറ്റിയുടെ പ്രവർത്തനം കോടതി തന്നെ പരിശോധിക്കണം. എക്‌സിക്യൂട്ടീവ് ചെയ്‌തതിനെക്കാള്‍ എന്താണ് കോടതി ഇടപെടലിലൂടെ ചെയ്‌തതെന്ന് വിലയിരുത്തണം. അഴിമതി തടയണമെന്ന കാര്യത്തിൽ കോടതിയെക്കാള്‍ താൽപര്യം സർക്കാരിനുണ്ടെന്നും മന്ത്രി രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
Read Also: രാഷ്‌ട്രീയക്കാർക്ക് എതിരായ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; അമിക്കസ് ക്യൂറി കോടതിയിൽ