മലപ്പുറം: സ്‌കൂൾ കലോൽസവത്തിനിടെ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ ബാലാൽസംഗം ചെയ്‌ത കേസിൽ പ്രതിയെ പൊന്നാനി പോലീസ് അറസ്‌റ്റ് ചെയ്‌തു. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കൽ നൗഫൽ (32) ആണ് പിടിയിലായത്. പോക്‌സോ പ്രകാരമാണ് അറസ്‌റ്റ് ചെയ്‌തത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു.
ഒന്നര വർഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂൾ കലോൽസവ ദിവസം മുഖം കഴുകാനെത്തിയ പെൺകുട്ടിയെ കുളിപ്പുരയിൽ ഒളിഞ്ഞിരുന്ന പ്രതി ബലംപ്രയോഗിച്ച് പിടിച്ചുവെച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു.
കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ബലാൽസംഗം ചെയ്യുന്നത് പ്രതി മൊബൈലിൽ പകർത്തുകയും ചെയ്‌തിരുന്നു. ഇതിനിടെ പ്രതിയിൽ നിന്നും കുതറിമാറിയ പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മാനസികമായി തകർന്ന കുട്ടിക്ക് അടുത്തിടെ പ്രതി മൊബൈൽ ദൃശ്യങ്ങൾ അയച്ചു നൽകി. ഇതോടെ ഉറക്കം നഷ്‌ടമായ കുട്ടിയെ സ്‌കൂൾ അധികൃതർ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ മരക്കടവ് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ സഹോദരൻ ലഹരി ഉപയോഗം മൂലമാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. നേരത്തെ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാൾക്ക് ഇത്തരത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊന്നാനി സിഐ വിനോദ് വലിയാറ്റൂർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Most Read: ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ളവരുടെ ശബ്‌ദ സാമ്പിളുകൾ പരിശോധിക്കും