തിരുവനന്തപുരം: ശബരിമല വിഷയം ദുരുപയോഗം ചെയ്‌ത യുഡിഎഫിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് നിയമമന്ത്രി എകെ ബാലൻ. യുഡിഎഫ് നേതാക്കളും ജി സുകുമാരൻ നായരും വിശ്വാസത്തെ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. ദൈവവിശ്വാസികൾ മുഴുവനും യുഡിഎഫിന്റെ കീശയിൽ അല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനകമാണ് ഈ തിരഞ്ഞെടുപ്പ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന സന്ദേശം യുഡിഎഫ് നേതാക്കളും എൻഎസ്എസ് നേതാവ് ജി സുകുമാരൻ നായരും നൽകിയത്. ഇത് അതീവ ഗുരുതരമായ ആരോപണമാണ്. എൽഡിഎഫ് സ്‌ഥാനാർഥികളെ തോൽപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും എകെ ബാലൻ പറഞ്ഞു.
ഇത് ഭരണഘടനാ വിരുദ്ധമാണ്. ഇത്തരം നീക്കങ്ങൾ പ്രദർശിപ്പിക്കുന്നത് മാദ്ധ്യമങ്ങൾ തടയണം. യുഡിഎഫ് അവസാന ആയുധമായി കണ്ടെത്തിയിരിക്കുന്നത് വിശ്വാസത്തെയാണ്. വികസനം പോലുള്ള വിഷയങ്ങൾ പറഞ്ഞ് വോട്ട് കിട്ടില്ലെന്ന് മനസിലായ യുഡിഎഫിന്റെ അവസാന നീക്കമാണിത്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Also read: കാൽനടയായി വോട്ട് രേഖപ്പെടുത്താൻ എത്തി ചിയാൻ വിക്രം