കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18‘ ഹോട്ടൽ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യം ചെയ്യുന്നു. ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്‌ക് റോയിയുടെ നിർദ്ദേശപ്രകാരം ഒളിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറുമായി ചോദ്യംചെയ്യലിന് ഹാജരാകാൻ റോയിയ്‌ക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് റോയി പോലീസിന് മുന്നിൽ ഹാജരായത്.
സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോയിയെ ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണിയോടെയാണ് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ റോയി ഹാജരായത്.
കഴിഞ്ഞ ദിവസം മുൻ മിസ് കേരള ജേതാക്കളായ അൻസി കബീറും അഞ്‌ജന കബീറും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടർന്ന ഓഡി കാറിന്റെ ഡ്രൈവർ സൈജുവിനെ ചോദ്യം ചെയ്‌തിരുന്നു. കൂടാതെ, അപകടത്തിന് ശേഷം സൈജു നമ്പർ 18 ഹോട്ടൽ ഉടമ റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരെയും വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിർദ്ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടർന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്ന് കെഎൽ 40ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഓഡി കാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നൽകാനുമാണ് പിന്തുടർന്നതെന്നുമായിരുന്നു സൈജുവിന്റെ മൊഴി. എന്നാൽ, പോലീസ് ഇത് വിശ്വാസത്തിൽ എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലിൽ നിന്ന് ഓഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽ പെട്ട കാറിന്റെ ഡ്രൈവർ പോലീസിന് മൊഴി നൽകിയത്. തുടർന്നാണ് സൈജുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്‌തത്.
അപകടം നടന്ന ശേഷം ഓഡി കാറിൽ ഉണ്ടായിരുന്നവർ സ്‌ഥലത്തെത്തി നിരീക്ഷണം നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവർ പിന്നീട് ആശുപത്രിയിൽ എത്തിയും വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഓഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, ഡിജെ പാർട്ടി നടന്ന ഹാളിൽ വാക്കുതർക്കമുണ്ടായതായും വിവരമുണ്ട്. ഡിജെ പാർട്ടിയുടെ അര മണിക്കൂറോളമുള്ള സിസിടിവി ദൃശ്യങ്ങൾ ടെക്‌നീഷ്യന്റെ സഹായത്തോടെ റോയി മാറ്റിയിരുന്നു. ദൃശ്യങ്ങൾ മാറ്റിയത് എന്തിനാണ്?, കാറിൽ അൻസിയെയും സംഘത്തെയും പിന്തുടർന്നത് എന്തിനാണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തേണ്ടത്. ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളിൽ വ്യക്‌തത വരുത്താൻ സാധിച്ചേക്കും.
Also Read: ആർഎസ്‌എസ് പ്രവർത്തകന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി