കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്‌ചിമ ബംഗാളിലെത്തിയ മോദി ഖരഗ്‌പൂരിൽ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് മമതയെയും തൃണമൂൽ കോൺഗ്രസിനെയും കടന്നാക്രമിച്ചത്.
ബംഗാളിലെ ജനങ്ങൾ മമതക്ക് 10 വർഷം നൽകി, എന്നാൽ മമത സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുകയാണ് ചെയ്‌തതെന്ന് മോദി ആരോപിച്ചു. “ദീദി, നിങ്ങളുടെ പ്രവർത്തനങ്ങൾ കാണിക്കാൻ ബംഗാൾ നിങ്ങൾക്ക് 10 വർഷം തന്നു, പക്ഷേ നിങ്ങൾ അക്രമത്തിലൂടെയും തെറ്റിദ്ധാരണയിലൂടെയും സംസ്‌ഥാനത്തെ ജനങ്ങളെ ഒറ്റിക്കൊടുത്തു. കഴിഞ്ഞ രാത്രി വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവ 40 മിനിറ്റോളം നിലച്ചുപോയത് നിങ്ങൾ അറിഞ്ഞിരിക്കണം. എല്ലാവരും ആശങ്കാകുലരായിരുന്നു, ഒരു മണിക്കൂറോളം പിരിമുറുക്കത്തിലായിരുന്നു. എന്നാൽ ബംഗാളിൽ വികസനം, സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം എന്നിവ ഇല്ലാതായിട്ട് 50 വർഷമായി,”- മോദി കുറ്റപ്പെടുത്തി.
സംസ്‌ഥാനത്തെ യുവാക്കളുടെ ഭാവിവച്ചാണ് മമത കളിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ ദീദി സർക്കാർ വിസമ്മതിക്കുന്നു. ബംഗാളിലെ യുവാക്കളുടെ ഭാവിയെക്കുറിച്ച് അവർ ശ്രദ്ധിക്കുന്നില്ല. ബംഗാളിലെ യുവാക്കളുടെ ഭാവിയുമായി കളിക്കാൻ ദീദിയെ അനുവദിക്കില്ലെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു എന്നും മോദി പറഞ്ഞു.
“കേന്ദ്ര പദ്ധതികൾ ബംഗാളിൽ നടപ്പിലാക്കിയാൽ ആളുകൾ മോദിയെ അനുഗ്രഹിക്കുമെന്ന് ദീദി കരുതുന്നു. മോദിക്ക് ക്രെഡിറ്റ് നൽകാൻ നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ, വേണ്ട, പക്ഷേ എന്തുകൊണ്ടാണ് ഈ ആനുകൂല്യങ്ങൾ ദരിദ്രർക്ക് നഷ്‌ടപ്പെടുത്തുന്നത്? നിരവധി വ്യവസായങ്ങൾ ഇവിടെ മരിച്ചു. ഒരു വ്യവസായം മാത്രമാണ് അഭിവൃദ്ധി പ്രാപിച്ചത്; മാഫിയ വ്യവസായം”-മോദി ആരോപിച്ചു.
അതേസമയം, ബംഗാളിനെ വികസനത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ ജനതയോട് അഞ്ച് വർഷം ആവശ്യപ്പെട്ട മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. നോട്ട് നിരോധനം ഉണ്ടാക്കിയ ദുരിതം മറികടക്കാൻ 50 ദിവസം ആവശ്യപ്പെട്ട ആളാണ് ഇപ്പോൾ ബംഗാളിനോട് അഞ്ച് വർഷം ചോദിക്കുന്നത് എന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ പരിഹസിച്ചു.
Also Read: പൗരത്വ-കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം; കേരളത്തിന്റെ നടപടി ശരിവച്ച് സുപ്രീം കോടതി