
ന്യൂഡെൽഹി: അഞ്ചുദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. അബുദാബിയിൽ വെച്ചാണ് ഇരുവരും ചർച്ച നടത്തിയത്.
ചർച്ചയിൽ എൽപിജി ഉൾപ്പടെയുള്ള മേഖലകളുമായി ബന്ധപ്പെട്ടുള്ള ധാരണാ പത്രങ്ങളിലും ഇരുവരും ഒപ്പിട്ടു. ഇന്ത്യയിൽ അഞ്ച് ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി യുഎഇയിൽ നടത്തിയ ഹ്രസ്വ സന്ദർശനത്തിൽ വ്യാപാരം, നിക്ഷേപം, ഊർജ സംരക്ഷണം, പ്രവാസി ക്ഷേമം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രധാന ചർച്ചാ വിഷയമായി.
തുടർന്നാണ് രണ്ട് പ്രധാന ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. എൽപിജിയുമായും തന്ത്രപ്രധാന പെട്രോളിയം ശേഖരവുമായും ബന്ധപ്പെട്ട മേഖലകളിലാണ് ഇരുരാജ്യങ്ങളും ധാരണാ പത്രങ്ങൾ ഒപ്പിട്ടതെന്നാണ് റിപ്പോർട്. ഇന്ധന വിലവർധനവടക്കമുള്ള പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ ഊർജ സംരക്ഷണം ഉറപ്പാക്കാൻ പുതിയ കരാറുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനുപുറമെ തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തത്തിനായുള്ള ഒരു ചട്ടക്കൂടിനും ഇന്ത്യയും യുഎഇയും അംഗീകാരം നൽകി. ഗുജറാത്തിലെ ദ്വാരക ജില്ലയിലെ വാഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള കേന്ദ്രം സ്‌ഥാപിക്കാനും ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പിട്ടു. സമ്മാൻ കാപ്പിറ്റൽ, ആർബിഎൽ ബാങ്ക് എന്നിവയുൾപ്പടെയുള്ള ഇന്ത്യൻ അടിസ്‌ഥാന സൗകര്യ വികസന മേഖലയിൽ അഞ്ച് ബില്യൺ ഡോളറിന്റെ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നെതർലൻഡ്‌സിലേക്ക് തിരിക്കും. ഈമാസം 17 വരെയാണ് നെതർലൻഡ്‌സ് സന്ദർശനം. അവിടെ വില്യം അലക്‌സാണ്ടർ രാജാവുമായും മാക്‌സിമ രാഞ്‌ഞിയുമായും കൂടിക്കാഴ്‌ച നടത്തും. തുടർന്ന് സ്വീഡനിലെ ഗോഥൻബർഗ് സന്ദർശിക്കുന്ന മോദി, സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്‌റ്റേഴ്‌സണുമായി ചർച്ചകൾ നടത്തും.
മേയ് 18 മുതൽ 19 വരെ നോർവേ സന്ദർശിക്കുന്ന പ്രധാനമന്ത്രി, അവിടെ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർവേ ഉച്ചകോടിയിൽ പങ്കെടുക്കും. നോർവേ, ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്‌ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ ഈ ഉച്ചകോടിയിൽ പങ്കെടുക്കും. 43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ നോർവേ സന്ദർശനമാണിത്.
പര്യടനത്തിന്റെ അവസാന പാദത്തിൽ മേയ് 19 മുതൽ 20 വരെ ഇറ്റലി സന്ദർശിക്കും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയുമായും പ്രസിഡണ്ട് സെർജിയോ മാറ്ററെല്ലയുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ഊർജിതമാക്കാൻ ഈ സന്ദർശനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ


































