മൊട്ടേറ സ്‌റ്റേഡിയത്തിന് മോദിയുടെ പേര്; വിമർശിച്ചും പരിഹസിച്ചും പ്രമുഖർ

By Desk Reporter, Malabar News
motera-stadium
Ajwa Travels

അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റി, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേറ മൈതാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിൽ വിമർശനവും പരിഹാസവുമായി പ്രമുഖർ. കോൺഗ്രസ് എംപിമാരായ രാഹുൽ ഗാന്ധി, ശശി തരൂർ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവരാണ് വിമർശനവുമായി എത്തിയവരിൽ പ്രമുഖർ.

ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം. സത്യം സ്വയം വെളിപ്പെടുത്തുന്നത് എത്ര മനോഹരമാണ് എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. സ്‌റ്റേഡിയത്തിന് മോദിയുടെ പേര് നൽകിയതിന് പുറമെ സ്‌റ്റേഡിയത്തിന്റെ രണ്ട് പവലിയൻ എൻഡുകൾക്ക് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് കോർപറേറ്റ് ഭീമൻമാരായ റിലയൻസിന്റെയും അദാനിയുടെയും പേര് നൽകിയതിനെയും രാഹുൽ വിമർശിച്ചു.

അതേസമയം, തങ്ങളുടെ മാതൃസംഘടനയായ ആർഎസ്എസിനെ നിരോധിച്ച ഒരു ആഭ്യന്തര മന്ത്രിയുടെ പേരിലാണ് സ്‌റ്റേഡിയം അറിയപ്പെടുന്നത് എന്ന് മനസിലാക്കിയതിനാൽ ആകാം പേര് മാറ്റിയത് എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

കാർട്ടൂണിനൊപ്പമായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. സ്‌റ്റേഡിയത്തിന്റെ അംബാനി എൻഡിൽ നിന്നാണോ അതോ അദാനി എൻഡിൽ നിന്നാണോ മോദി ബാറ്റ് ചെയ്യുക എന്ന് അദ്ദേഹം ട്വീറ്റിൽ ചോദിച്ചു.

ബുധനാഴ്‌ചയാണ് മൊട്ടേറ സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകിയത്. ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ടെസ്‌റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്‌റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്‌റ്റേഡിയം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉൽഘാടനം ചെയ്‌തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജ്‌ജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

1,32,000 കാണികളെ ഉൾക്കൊള്ളുന്ന കൂറ്റൻ നിർമിതിയാണ് മോദി സ്‌റ്റേഡിയം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് 63 ഏക്കറിൽ പടർന്നു കിടക്കുന്ന സ്‌റ്റേഡിയം പണി കഴിപ്പിച്ചത്. 2,38,714 ചതുരശ്ര മീറ്ററിലാണ് മൈതാനം പടർന്നു കിടക്കുന്നത്. 11 പിച്ചുകൾ സജ്‌ജമാക്കിയിട്ടുണ്ട്. മഴയവസാനിച്ച് 30 മിനിറ്റിനകം കളി പുനരാംഭിക്കാൻ സ്‌റ്റേഡിയത്തിൽ സംവിധാനമുണ്ട്.

കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങളുടെ ഗുണഭോക്‌താക്കൾ അദാനിയും റിലയൻസുമാണ് എന്ന ആക്ഷേപങ്ങൾക്കിടെ, രണ്ടു കമ്പനികളുടെയും പേര് മോദി സ്‌റ്റേഡിയത്തിൽ വന്നത് നേരത്തെ തന്നെ ചർച്ചയായിരുന്നു.

Also Read:  എംഎൽഎമാരെ ഭീഷണിപ്പെടുത്തി, രാജിവെക്കാൻ നിർബന്ധിച്ചു; നാരായണസാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE