കൊച്ചി: ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികൾക്ക് വേണ്ടി പോലീസിന്റെ കസ്‌റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്.
അതേസമയം, ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവീൻ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭർതൃ വീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ ഇയാളുടെ മാതാവ് റുഖിയയും മോഫിയയെ ഉപദ്രവിച്ചെന്ന് റിമാൻഡ് റിപ്പോർട് വ്യക്‌തമാക്കുന്നു.
അശ്‌ളീലചിത്രങ്ങൾ കണ്ട് അനുകരിക്കാൻ നിർബന്ധിച്ചിരുന്നു. പലതവണ സുഹൈൽ മോഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു. സ്‌ത്രീധനമായി 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മോഫിയ പുറത്ത് പറയാൻ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികൾ വെളിപ്പെടുത്തിയിരുന്നു. ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മോഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.
ഇതിനിടെ മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്‌ദാനം ചെയ്‌തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്.
Most Read: നിർമാണ വസ്‌തുക്കളുടെ വിലക്കയറ്റം; സമരത്തിനൊരുങ്ങി സർക്കാർ കരാറുകാർ