മലപ്പുറം: പ്ളസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് കേരളത്തില്‍ കൂടുതല്‍ പഠനസൗകര്യങ്ങൾ ആവശ്യമാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള ആശങ്ക എത്രയും വേഗം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി ആവശ്യപ്പെട്ടു.
പ്ളസ് ടു വിദ്യാർഥികൾക്കായി മഅ്ദിന്‍ സയൻസ് സെന്റർ സംഘടിപ്പിച്ച ‘ക്യാമ്പസ് കിക്കോഫ്’ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഖലീൽ ബുഖാരി തങ്ങൾ. റെഗുലര്‍ സംവിധാനങ്ങളിലെ സീറ്റുകളുടെ അപര്യാപ്‌തത കാരണം വിദ്യാർഥികൾ പലപ്പോഴും പ്രൈവറ്റ് മേഖലയേയോ ഇതര സംസ്‌ഥാനങ്ങളെയോ ആശ്രയിക്കേണ്ട അവസ്‌ഥ നിലവിലുണ്ട്. പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്, ഇദ്ദേഹം പറഞ്ഞു.
‘ഇത് പരിഹരിക്കാൻ കൂടുതല്‍ സർക്കാർ കോളേജുകള്‍ അനുവദിക്കുകയും കോഴ്‌സുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും വേണം. വിദ്യാർഥികൾ ആശ്രയിക്കുന്ന യൂണിവേഴ്‌സിറ്റികളില്‍ തന്നെ കൃത്യമായ പരീക്ഷയും ഫലപ്രഖ്യാപനവും നടക്കാത്തത് വിദ്യാർഥികളുടെ ഭാവിയെ അവതാളത്തിലാക്കുന്നുണ്ട്.‘ -ഖലീൽ ബുഖാരി തങ്ങൾ ചൂണ്ടികാണിച്ചു.
സാക്ഷരതയിലും പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിലും രാജ്യത്തെ മറ്റു സംസ്‌ഥാനങ്ങൾക്ക് മാതൃകയായി നിലകൊള്ളുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും ക്രിയാത്‌മകമായ ഇടപെടലുകള്‍ നടത്തുവാനും അധികൃതര്‍ തയ്യാറാകണമെന്നും ഇദ്ദേഹം പറഞ്ഞു.
മഅ്ദിന്‍ സയൻസ് സെന്റർ ഡയറക്‌ടർ സൈഫുല്ല നിസാമി ചുങ്കത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഅ്ദിന്‍ അക്കാദമിക് ഡയറക്‌ടർ നൗഫൽ കോഡൂർ, വെഫി സംസ്‌ഥാന കോഡിനേറ്റർ സികെഎം റഫീഖ്, സൈദലവി സഅദി, ശിഹാബലി അഹ്സനി മലപ്പുറം, ഖാലിദ് സഖാഫി സ്വലാത്ത് നഗർ, അബ്‌ദുറഹ്‌മാൻ ചെമ്മങ്കടവ് എന്നിവർ സംസാരിച്ചു.
Most Read: നടുറോഡിൽ ഡാൻസ് ചെയ്‌ത നവ വരന് രണ്ട് ലക്ഷം പിഴ