കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും.
ഇതടക്കം വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി. കേസിൽ പ്രതികളായ അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. നിതിന്റെ കുടുംബാംഗങ്ങൾ സംസ്‌ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖരനെ നേരിൽ കണ്ടിരുന്നു. അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പ് നൽകിയിട്ടുണ്ട്.
സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഡിജിപിക്ക് പരാതി നൽകിയത്. അന്വേഷണത്തിനായി രൂപീകരിച്ച ഏഴംഗ സംഘം നിതിന്റെ തിരുവനന്തപുറത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കുടുംബം ഉന്നയിച്ച ജാതി അധിക്ഷേപ പരാതിയിൽ അധ്യാപകരായ ഡോ. എംകെ റാം, ഡോ. സംഗീത എന്നിവർക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്.
അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോളേജിലെ മറ്റു വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. ഡോ. എംകെ റാമിനെതിരെ നേരത്തെയും വിദ്യാർഥികൾ പരാതികൾ ഉന്നയിച്ചിട്ടുണ്ട്. അധ്യാപകൻ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണ് വിദ്യാർഥികൾ പറയുന്നത്.
അതേസമയം, ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്‍മഹത്യക്ക് കാരണമെന്ന് വരുത്തിത്തീർക്കാൻ കോളേജ് മാനേജ്മെന്റ് ശ്രമിക്കുന്നുവെന്ന ആരോപണം ശക്‌തമായിട്ടുണ്ട്. നിതിൻ ഓൺലൈൻ വായ്‌പാ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഓൺലൈൻ വായ്‌പാ സംഘം നിതിന്റെ അധ്യാപികയ്‌ക്കും ഭീഷണി സന്ദേശം അയച്ചെന്ന് പോലീസ് പറയുന്നു. എന്നാൽ, അന്വേഷണം ലോൺ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
Most Read| ഹോർമുസ് കടലിടുക്കിൽ ഉപരോധം; വെല്ലുവിളിച്ചാൽ കപ്പലുകൾ തകർക്കുമെന്ന് ട്രംപ്







































