കൊച്ചി: നീണ്ട 10 മാസങ്ങൾക്ക് ശേഷം കേരളത്തിലെ സിനിമാ പ്രേമികൾ ഇന്ന് തിയേറ്ററുകളിലേക്ക്. തമിഴ് നടൻ വിജയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മാസ്‌റ്റർ’ ആണ് ആദ്യ പ്രദർശനം. സംസ്‌ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിൽ ആദ്യ ദിനം പ്രദർശനമുണ്ടാകും. അടുത്ത ആഴ്‌ച മലയാളചിത്രമായ ‘വെള്ളം’ ഉൾപ്പടെയുള്ളവ റിലീസിന് എത്തുന്നതോടെ കൂടുതൽ സ്‌ക്രീനുകളിൽ പ്രദർശനം ഉണ്ടാകും.
അതേസമയം, വലിയൊരു ഇടവേളക്ക് ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ ഒരുപാട് പ്രശ്‌നങ്ങളാണ് ഉടമകൾ നേരിട്ടത്. അടച്ചിട്ട തിയേറ്ററുകളിലെ പ്രോജക്‌ടർ, ജനറേറ്റർ, എസി എന്നിവയെല്ലാം കേടായ നിലയിലായിരുന്നു. തിയേറ്ററുകളുടെ ഭിത്തിയിലും സീറ്റുകളിലും പൂപ്പൽ പിടിച്ചിരുന്നു. ഉറങ്ങിക്കിടന്നിരുന്ന വെള്ളിത്തിരയെ പൊടിതട്ടിയെടുത്തപ്പോൾ ഉടമകൾക്ക് ചെലവായത് മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെയാണെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ പറഞ്ഞു.
എല്ലാ തിയേറ്ററുകളിലും പകുതി സീറ്റുകളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ. ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കും വിധം ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. ജീവനക്കാർക്കും കാണികൾക്കും ഗ്‌ളൗസും സാനിറ്റൈസറും നൽകാനും സജ്‌ജീകരണമായി.
എത്രത്തോളം ജനങ്ങൾ തിയേറ്ററുകളിലേക്ക് എത്തുമെന്ന കാര്യം വ്യക്‌തമല്ല. മലയാള ചിത്രങ്ങൾ കൂടുതലായി എത്തുമ്പോഴായിരിക്കും കാണികളുടെ യഥാർഥ നിലപാട് വ്യക്‌തമാവുകയെന്ന് തിയേറ്റർ ഉടമകൾ പറയുന്നു.
Also Read: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ നാളെ ജില്ലകളിലേക്ക് എത്തിക്കും