സൂര്യകുമാര്‍ ജ്വലിച്ചു; ബംഗളൂരിനെതിരെ മുംബൈക്ക് 5 വിക്കറ്റ് ജയം

By Sports Desk , Malabar News
Ajwa Travels

അബുദാബി: 43 പന്തില്‍ പുറത്താകാതെ 73 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ 5 വിക്കറ്റിന് തോല്‍പിച്ചു. വിജയ ലക്ഷ്യമായ 165 റണ്‍സ് മുംബൈ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ നേടി. പൊളളാര്‍ഡ് (1) പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്‌ത ബംഗളൂര്‍ നിശ്‌ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സാണ് എടുത്തത്. മുംബൈ വിജയത്തിനിടെ 45 പന്തില്‍ 74 റണ്‍സ് നേടിയ ബംഗളൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെ ഇന്നിംഗ്‌സ് ശ്രദ്ധിക്കപ്പെടാതെ പോയി.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗളൂരിന് ദേവ്ദത്ത് പടിക്കല്‍-ജോഷ് ഫിലിപ്പ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഈ സീസണില്‍ ആദ്യമായി അവസരം ലഭിച്ച ജോഷ് ദേവ്ദത്തിനൊപ്പം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും മികച്ച സ്‌ട്രോക്ക് പ്ളേയുടെ കെട്ടഴിച്ചതോടെ 34 പന്തില്‍ ബംഗളൂര്‍ 50 തികച്ചു. 71 റണ്‍സിലാണ് ജോഷിന്റെ രൂപത്തില്‍ ബംഗളൂരിന്റെ ആദ്യ വിക്കറ്റ് നഷ്‌ടമായത്. 24 പന്തില്‍ 33 റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ താരം രാഹുല്‍ ചഹാറിന്റെ പന്തില്‍ ക്വിന്റണ്‍ ഡീ കോക്ക് സ്‌റ്റംപ് ചെയ്‌താണ് പുറത്തായത്. കൂടുതല്‍ ആക്രമണകാരിയായ ദേവ്ദത്ത് ഇതിനിടെ 30 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് അധിക നേരം നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. ജസ്‌പ്രീത് ബുംറയുടെ പന്തില്‍ സൗരഭ് തിവാരി പിടിച്ച് പുറത്താകുമ്പോള്‍ 9 റണ്‍സ് ആയിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം.

മികച്ച ഫോമില്‍ കളിച്ചു വന്ന എ ബി ഡിവിലിയേഴ്‌സ് പൊള്ളാര്‍ഡിന്റെ സ്‌ലോ ഫുള്‍ ടോസ് സ്‌ക്വയര്‍ ലെഗിലേക്ക് ഉയര്‍ത്തിയത് രാഹുല്‍ ചഹാറിന്റെ കൈകളില്‍ അവസാനിച്ചു. 12 പന്തില്‍ നിന്ന് 15 റണ്‍സാണ് ഡിവിലിയേഴ്‌സ് നേടിയത്. ദേവ്ദത്തിനേയും ശിവം ധുബയേയും മെയ്ഡ് ഇന്‍ ഓവറില്‍ ബുംറ പുറത്താക്കിയതോടെ വമ്പന്‍ സ്‌കോര്‍ എന്ന ആര്‍ സി ബിയുടെ മോഹം ഏതാണ്ട് അവസാനിച്ചു. കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച ശിവം ധുബെ (2) സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ അവസാനിച്ചപ്പോള്‍ 45 പന്തില്‍ 74 റണ്‍സ് നേടിയ ദേവ്ദത്തിനെ ബൗണ്ടറിയില്‍ ട്രെന്‍ഡ് ബൗള്‍ട്ട് പിടി കൂടി. ബോള്‍ട്ടിനെതിരെ ബൗണ്ടറി ആവര്‍ത്തിക്കാന്‍ ശ്രമിച്ച ക്രിസ് മോറിസിനെ (4) ജെയിംസ് പാറ്റിന്‍സണ്‍ പിടിച്ച് പുറത്താക്കി. ഗുര്‍കീരത് സിംഗ് (14), വാഷിംഗ്ടണ്‍ സുന്ദര്‍ (10) എന്നിവരുടെ അവസാന ഓവറുകളിലെ പോരാട്ടമാണ് ബംഗളൂരിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. മുംബൈക്കായി ബുംറ മൂന്ന് വിക്കറ്റ് വീഴ്‍ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ടീം സ്‌കോര്‍ 37 ല്‍ എത്തിയപ്പോള്‍ ക്വിന്റണ്‍ ഡി കോക്കിന്റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്‌ടമായി. മുഹമ്മദ് സിറാജിനെ ബൗണ്ടറിക്ക് മുകളിലൂടെ പറത്താനുള്ള ഡി കോക്കിന്റെ ശ്രമം ഗുര്‍കീറത് സിംഗിന്റെ കൈയില്‍ ഒതുങ്ങി. 19 പന്തില്‍ നിന്ന് 18 റണ്‍സാണ് കോക്ക് നേടിയത്. ടീം സ്‌കോര്‍ 52 ല്‍ എത്തിയപ്പോള്‍ മുംബൈക്ക് രണ്ടാം വിക്കറ്റ് നഷ്‌ടമായി. സ്‌പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിന്റെ പന്തില്‍ ക്രീസ് വീട്ടിറങ്ങിയുള്ള ഷോട്ടില്‍ ഇഷാന്‍ കിഷന് പിഴച്ചു. മിഡ് വിക്കറ്റില്‍ ഉയര്‍ന്നു പൊങ്ങിയ പന്ത് ക്രിസ് മോറിസിന്റെ കൈകളില്‍ ഭദ്രമായിരുന്നു. 19 പന്തില്‍ നിന്ന് 1 സിക്‌സും 3 ഫോറും ഉള്‍പ്പടെ 25 റണ്‍സായിരുന്നു ഇഷാന്റെ സമ്പാദ്യം.

ചഹലിനെതിരെ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സും ഫോറും നേടിയ സൂര്യകുമാര്‍ യാദവ് മികച്ച രീതിയില്‍ മുന്നേറുന്നതിനിടെ മറുഭാഗത്ത് സൗരഭ് തിവാരിയുടെ (5) വിക്കറ്റ് വീണു. മുഹമ്മദ് സിറാജിന്റെ പന്ത് ലോംഗ് ഓഫിലേക്ക് കളിച്ച സൗരഭിനെ മുഴുനീള ഡൈവിലൂടെ ദേവ്ദത്ത് പടിക്കല്‍ കൈയില്‍ ഒതുക്കുക ആയിരുന്നു. ചഹാലിനെതിരെ കൂറ്റന്‍ ഷോട്ട് കളിച്ച ക്രുണാല്‍ പാണ്ഡ്യ (10) ക്രിസ് മോറിസിന് മത്സരത്തിലെ രണ്ടാമത്തെ ക്യാച്ച് നല്‍കി പുറത്തായി. എന്നാല്‍ ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ആക്രമിച്ച് കളിച്ച സൂര്യകുമാര്‍ യാദവ് ആവശ്യമായ റണ്‍ നിരക്ക് നില നിര്‍ത്തുന്നതില്‍ വിജയിച്ചു. ഇതിനിടെ 29 പന്തില്‍ 2 സിക്‌സും 7 ബൗണ്ടറിയും ഉള്‍പ്പെടെ യാദവ് അര്‍ധ ശതകം തികച്ചു. ക്രിസ് മോറിസ് എറിഞ്ഞ 19 ആം ഓവറിലെ നാലാം പന്തില്‍ സിക്‌സ് അടിച്ച് വിജയ ലക്ഷ്യം 7 റണ്‍സായി ചുരുക്കിയ ഹാര്‍ദിക് പാണ്ഡ്യേ (17) തൊട്ടടുത്ത പന്തില്‍ മുഹമ്മദ് സിറാജ് പിടിച്ച് പുറത്തായി. എന്നാല്‍ മോറിസിന്റെ അടുത്ത പന്ത് ബൗണ്ടറിയിലേക്ക് പായിച്ച സൂര്യകുമാര്‍ വിജയ ലക്ഷ്യം മൂന്ന് റണ്‍സായി ചുരുക്കി. ബംഗളൂരിന് വേണ്ടി മുഹമ്മദ് സിറാജ്, യൂസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‍ത്തി.

Read also : ബാഴ്‌സ പ്രസിഡണ്ട് ജോസഫ് ബര്‍തോമ്യു രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE