തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്‌മകഥ വിവാദമായ പശ്‌ചാത്തലത്തിൽ പ്രതികരണവുമായി സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആത്‌മകഥാ വിവാദത്തിൽ ഇപി ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്‌ക്ക് എടുക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
പുസ്‌തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജയരാജൻ പറഞ്ഞിട്ടുണ്ട്. വിവാദം അദ്ദേഹത്തിന്റെ അറിവോടെ അല്ലെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ജയരാജൻ പറഞ്ഞത് വിശ്വസിക്കുകയാണ് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പുസ്‌തക പ്രസിദ്ധീകരണ കമ്പനിക്ക് കരാർ കൊടുത്തിട്ടില്ലെന്ന് ജയരാജൻ വ്യക്‌തമാക്കിയിട്ടുണ്ട്. താൻ പുസ്‌തകമെഴുതിയില്ല എന്ന് ജയരാജൻ വ്യക്‌തമാക്കിയ സ്‌ഥിതിക്ക് പിന്നീട് മാദ്ധ്യമങ്ങൾ ചോദ്യം ചോദിക്കേണ്ട ആവശ്യമില്ല. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ്.
പുസ്‌തകം എഴുതാൻ പാർട്ടിയുടെ മുൻകൂർ അനുമതി ആവശ്യമില്ല. പുസ്‌തക വിവാദം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല, തിരിച്ചടിയുണ്ടാകില്ല. തിരഞ്ഞെടുപ്പിൽ നല്ല വിജയം നേടും. പുസ്‌തക വിവാദം പരിശോധിക്കുമോയെന്ന ചോദ്യത്തിന്, ഏത് വിഷയമാണ് ഞങ്ങൾ പരിശോധിക്കാത്തത് എന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’