കൊളംബോ: സാമ്പത്തിക പ്രതിസന്ധി മൂലം ജനകീയ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിൽ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയും. ജനരോഷം തണുപ്പിക്കാൻ സർവകക്ഷി ദേശീയ സർക്കാരുണ്ടാക്കാനുള്ള ശ്രമം പാഴായി. സർക്കാരിൽ ചേരാൻ പ്രസിഡണ്ട് ഗോതബയ രാജപക്‌സെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഭരണമുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്‌എൽഎഫ്‌പി) പുതിയ ധനമന്ത്രിയുടെ നിയമനത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് സർക്കാർ വിട്ടു. ഇവർ പാർലമെന്റിൽ സ്വതന്ത്ര സംഘമായി തുടരും.
ഞായറാഴ്‌ച രാത്രി പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ 26 കാബിനറ്റ് മന്ത്രിമാർ രാജിവെച്ചിരുന്നു. ഇവർ ഒരുമിച്ച് പ്രധാനമന്ത്രിക്ക് കൈമാറിയ രാജിക്കത്ത് തിങ്കളാഴ്‌ച പ്രസിഡണ്ട് അംഗീകരിച്ചു. ഭരണ പ്രതിപക്ഷ കക്ഷികളെ ഉൾപ്പെടുത്തി ദേശീയ സർക്കാർ ഉണ്ടാക്കുന്നതിന്റെ ആദ്യ പടിയായി പുതിയ നാലുമന്ത്രിമാരെ നിയമിച്ചിരുന്നു. പ്രസിഡണ്ടിന്റെ സഹോദരൻ ബേസിൽ രാജപക്‌സെ വഹിച്ചിരുന്ന ധനവകുപ്പ് നീതിന്യായ വകുപ്പ് മന്ത്രിയായിരുന്ന അനിൽ സബ്രിക്ക് നൽകി.
ജിഎൽ പെയ്‌രിസാണ് പുതിയ വിദേശകാര്യ മന്ത്രി. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല സഭാനേതാവ് ദിനേശ് ഗുണവർധനക്ക് കൈമാറി. സർക്കാരിന്റെ വിപ്പ് ജോൺസ്‌റ്റൺ ഫെർണാണ്ടോയെ ദേശീയപാതയുടെ ചുമതലയുള്ള മന്ത്രിയായും നിയമിച്ചു. ഇതിന് പിന്നാലെയാണ് എസ്‌എൽഎഫ്‌പി മുന്നണി വിട്ടത്.
Most Read: സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; അമ്മയും അറസ്‌റ്റിൽ