തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്‌തെന്ന വിവാദത്തിൽ തോമസ് കെ തോമസ് എംഎൽഎക്ക് ക്ളീൻ ചിറ്റ്. എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മീഷനാണ് തോമസ് കെ തോമസിന് ക്ളീൻ ചിറ്റ് നൽകിയത്.
തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്ന അഭ്യൂഹം ശരിവെച്ചുള്ള റിപ്പോർട്ടാണ് കമ്മീഷൻ തയ്യാറാക്കിയത്. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ വാദമുഖങ്ങളാണ് റിപ്പോർട് അംഗീകരിച്ചിരിക്കുന്നത്. എൽഡിഎഫ് എംഎൽഎമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാനായി തോമസ് കോഴ വാഗ്‌ദാനം ചെയ്‌തെന്ന പരാതിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചത്.
ഇത് ആന്റണി രാജു മുഖ്യമന്ത്രിക്ക് മുന്നിൽ സ്‌ഥിരീകരിക്കുകയും കോവൂർ കുഞ്ഞുമോൻ ഒഴിഞ്ഞുമാറുകയും ചെയ്‌തിരുന്നു. എൻസിപിയുടെ അന്വേഷണ കമ്മീഷന് മുമ്പാകെ ഹാജരായ കോവൂർ കുഞ്ഞുമോൻ തോമസ് കെ തോമസിനെ ന്യായീകരിച്ചുകൊണ്ടുള്ള മൊഴിയാണ് നൽകിയത്. തോമസ് കെ തോമസ് അത്തരം നീക്കം നടത്തിയിട്ടില്ലെന്നും കോഴ വാഗ്‌ദാനം ചെയ്‌തിട്ടില്ലെന്നും കുഞ്ഞുമോൻ വിശദീകരിച്ചു.
തോമസും തനിക്കെതിരെയുള്ള ആക്ഷേപങ്ങൾ പൂർണമായും കമ്മീഷന് മുമ്പാകെ നിഷേധിച്ചിരുന്നു. എൻസിപി സംസ്‌ഥാന ഭാരവാഹികളായ പിഎം സുരേഷ് ബാബു, കെആർ രാജൻ, ജോബ് കാട്ടൂർ, ലതിക സുഭാഷ് എന്നിവരടങ്ങിയ കമ്മീഷനോട് സഹകരിക്കാൻ ആന്റണി രാജു തയ്യാറായില്ല. എൻസിപിയുടെ കമ്മീഷന് മുന്നിൽ ആ പാർട്ടിക്ക് പുറത്തുള്ള താൻ സഹകരിക്കേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
കഴിഞ്ഞ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം റിപ്പോർട് ചെയ്‌തത്. ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവുമായും ആർഎസ്‌പി- ലെനിനിസ്‌റ്റ് കോവൂർ കുഞ്ഞുമോനുമായും വിഷയത്തിൽ തോമസ് കെ തോമസ് ചർച്ച നടത്തിയിരുന്നു. ഓരോരുത്തർക്കും 50 കോടി വീതമായിരുന്നു വാഗ്‌ദാനം ചെയ്‌തത്.
Most Read| ഖലിസ്‌ഥാൻ ഭീഷണി; കാനഡയിലെ ചടങ്ങ് മാറ്റിവെച്ച് ഇന്ത്യൻ കോൺസുലേറ്റ്