നീലേശ്വരം ബജറ്റ്: വികസനത്തിന് 68 കോടി ചെലവഴിക്കും; 2010മുതലുള്ള സ്‌ഥിരം തട്ടിപ്പെന്ന് പ്രതിപക്ഷം

By Malabar Desk, Malabar News
Neeleswaram Budget _ Rs 68 crore to be spent on development
ബജറ്റ് അവതരിപ്പിക്കുന്ന വൈസ് ചെയർമാൻ പിപി മുഹമ്മദ് റാഫി, സമീപം നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്ത

കാസർഗോഡ്: നീലേശ്വരം നഗരസഭയുടെ സമഗ്രവികസനത്തിന് 70 കോടിരൂപ വരവും 68 കോടി ചെലവും പ്രതീക്ഷിക്കുന്ന 2022 23 വർഷത്തേക്കുള്ള പുതിയ ബജറ്റ് അവതരിപ്പിച്ച് വൈസ് ചെയർമാൻ പിപി മുഹമ്മദ് റാഫി. എന്നാൽ, ബജറ്റ് 2010 മുതൽ കാര്യമായ മാറ്റങ്ങളില്ലാതെ ഇതുതന്നെയാണ് പുറത്തിറക്കാറെന്നും ഇതൊരു സ്‌ഥിരം തട്ടിപ്പാണെന്നും പ്രതിപക്ഷം പറയുന്നു.

നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്തയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗത്തിലാണ് വൈസ് ചെയർമാൻ ബജറ്റവതരണം നിർവഹിച്ചത്. ‘ശുചിത്വ സുന്ദര നഗരം, ഏവർക്കും കുടിവെള്ളം‘ എന്ന മുഖ്യ ലക്ഷ്യങ്ങളിൽ ഊന്നിയുള്ള ബജറ്റ് സമഗ്രവികസനത്തിനുള്ള പദ്ധതികളും മുന്നോട്ടുവച്ചിട്ടുണ്ട്.

നികുതി ശോഷണം തടഞ്ഞും സമയബന്ധിതമായി നികുതി വസൂലാക്കിയും സാധ്യമായ പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തി നഗരസഭയുടെ ധനസമാഹരണ മാർഗങ്ങൾ വിപുലപ്പെടുത്തുമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ പരാതിരഹിതമായി സേവനങ്ങൾ നൽകുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് വൈസ് ചെയർമാൻ മുഹമ്മദ് റാഫി പറഞ്ഞു.

പോയ ഒരു വർഷം കോവിഡ് മഹാമാരി വരുത്തിവെച്ച പ്രതിസന്ധികൾക്കിടയിലും കരുതലോടെ ചുവടുവെക്കാൻ നഗരസഭക്ക് സാധിച്ചിട്ടുണ്ട്. വാർഷിക പദ്ധതി പ്രവർത്തനങ്ങളിലൂടെയും കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളോട് ചേർന്നു നിന്നുകൊണ്ടും ഏതൊക്കെ വഴികളിലൂടെ വികസനം കൊണ്ടു വരാൻ സാധിക്കുമോ അത്തരം വഴികളിലൂടെയെല്ലാം നാടിന്റെ വികസനം സാധ്യമാക്കുക എന്നതാണ് ഭരണസമിതി ഉദ്ദേശിക്കുന്നത്. നീലേശ്വരത്തെ ജനതയെ പരിപൂർണ വിശ്വാസത്തിലെടുത്ത് കൊണ്ടാവും വികസന പദ്ധതികൾ നടപ്പാക്കുകയെന്ന് ആമുഖ പ്രസംഗത്തിൽ ചെയർ പേഴ്‌സൺ ടിവി ശാന്ത പറഞ്ഞു.

ഇ ഷജീർ പ്രതികരിക്കുന്നു

E Shajeer _ Councillor Neeleswaram _ Congress Parlimentery Party leader
ഇ ഷജീർ

2010 മുതൽ പുറത്തിറക്കുന്ന ബജറ്റിൽ ‘ഗോമാങ്ങ തൈ വിതരണം ചെയ്യും’ എന്ന പുതിയകാര്യം ഉൾപ്പെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ 12 കൊല്ലമായി വ്യാമോഹം വിറ്റാണ് ഇവർ ജനങ്ങളെ പറ്റിക്കുന്നത്. അത് കൃത്യമായി മനസിലാക്കാൻ ഈ ബജറ്റ് വാർത്ത എല്ലാവരും സൂക്ഷിച്ച് വെച്ച് അടുത്ത വർഷത്തെ ബജറ്റ് വരുമ്പോൾ ഒന്ന് പരിശോധിച്ചാൽ മതി. ജനങ്ങളുടെ മറവിയെ ഇവരെങ്ങനെയാണ് ചൂഷണം ചെയ്യുന്നതെന്ന് നമുക്ക് മനസിലാക്കാം -കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ഇ ഷജീർ പ്രതികരിച്ചു.

ബജറ്റിലെ സുപ്രധാന വിശദാംശങ്ങൾ

70,19,01,571 രൂപവരവും 68, 06, 34, 890 രൂപചെലവും 2,12,66,681 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ ‘സമ്പൂർണ പെൻഷൻ നഗരസഭ’ എന്ന ലക്ഷ്യവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ പൂർത്തീകരിച്ചു കഴിഞ്ഞാൽ, ടൂറിസ്‌റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൗസ് ബോട്ടുകൾക്ക് രജിസ്‌ട്രേഷനും ലൈസൻസും ഏർപ്പെടുത്തുന്നതിനും ബജറ്റിൽ നിർദ്ദേശമുണ്ട്.

കടിഞ്ഞിമൂല, വേളുവയൽ, കിഴക്കേകര, പാണ്ടിക്കോട്ട്, പുറത്തേകൈ, തൈക്കടപ്പുറം, നീലായി, ഇടിച്ചൂടി തുടങ്ങിയ പ്രദേശങ്ങളിൽ പുതിയ കുടിവെള്ള പദ്ധതി തുടങ്ങുന്നതിനായി രണ്ടു കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.

Neeleswaram Budget _ TV Santha Chairperson; PP Muhammad Rafi Vice Chairman.

നീലേശ്വരം ജനതയുടെ ചിരകാല സ്വപ്‌നമായിരുന്ന പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ യാഥാർഥ്യമായ സാഹചര്യത്തിൽ അവിടെ സംഭരിക്കുന്ന ശുദ്ധജലം ഉപയോഗപ്പെടുത്തി നിലവിലുള്ള കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെടുത്തി സമഗ്ര കുടിവെള്ള പദ്ധതിയുടെ മാസ്‌റ്റർ പ്ളാൻ തയ്യാറാക്കും. ഇതിനായി 10 ലക്ഷം രൂപ അനുവദിക്കും.

കേന്ദ്ര സർക്കാരിന്റെ അമൃത് നഗരം പദ്ധതിയിൽ ഉൾപ്പെടുത്തി ബൃഹത്തായ കുടിവെള്ള ശൃംഖല രൂപപ്പെടുത്താൻ പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെ പ്രാഥമിക പഠനത്തിനായി 10 ലക്ഷം രൂപ നീക്കിവെക്കും.

മാലിന്യ സംസ്‌കരണം

25 ലക്ഷം രൂപ ചെലവിൽ ചിറപ്പുറം പ്ളാന്റിലെ റിസോഴ്‌സ്‌ റിക്കവറി ഫെസിലിറ്റി സെന്റർ നവീകരിക്കും. ശേഖരിക്കുന്ന പ്‌ളാസ്‌റ്റിക് സംസ്‌കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള കെട്ടിട സൗകര്യമൊരുക്കാനും ആധുനിക യന്ത്രസാമഗ്രികൾ സ്‌ഥാപിക്കുന്നതിനും ലോകബാങ്ക് സഹായത്തോടെ ഒരു കോടി രൂപ ചെലവഴിക്കും.

Neeleswaram Budget _ Waste treatment
പ്രതീകാത്‌മക ചിത്രം

നഗരസഭാ പരിധിയിൽ വിവിധ കേന്ദ്രങ്ങളിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ സ്‌ഥാപിക്കാൻ 70 ലക്ഷം രൂപയും ഉറവിട മാലിന്യ സംസ്‌കരണത്തിനായി 10 ലക്ഷം രൂപയും അനുവദിക്കും. ചിറപ്പുറം പരമ്പരാഗത ശ്‌മശാനം വാതക ശ്‌മശാനമാക്കി മാറ്റുന്നതിന് കെട്ടിട സൗകര്യങ്ങൾക്കായി മാത്രം 48 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്. 33 ലക്ഷം രൂപക്കുള്ള അനുബന്ധ സൗകര്യങ്ങൾ ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷനും റോട്ടറി ക്ളബ് നീലേശ്വരവും ചേർന്ന് നിർവഹിക്കും.

ശ്‌മശാനം & ടേക്ക് എ ബ്രേക്ക്

ചാത്തമത്ത് ശ്‌മശാനം 75 ലക്ഷം രൂപ ചെലവിട്ട് വാതക ശ്‌മശാനമാക്കി മാറ്റുന്ന പ്രവൃത്തി ഉടൻ പൂർത്തീകരിക്കും. രണ്ട് ശ്‌മശാനങ്ങളുടെയും സൗന്ദര്യവൽകരണത്തിന് 10 ലക്ഷം രൂപ ചെലവഴിക്കും. നഗരസഭയിലെ നാരാംകുളങ്ങര, മന്ദംപുറം, പാലായി, പട്ടേന, ചാത്തമത്ത്, ചിറപ്പുറം, പള്ളിക്കര, അമരാച്ചേരി എന്നിവിടങ്ങളിലെ പൊതു കുളങ്ങൾ ശുചീകരിച്ച് സംരക്ഷിക്കാൻ 50 ലക്ഷം രൂപ നീക്കിവെക്കും.

Neeleswaram Budget _ Take A Breakനഗരസഭാ പ്രദേശത്തെ ഡ്രെയിനേജുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി ഒന്നരകോടി വകയിരുത്തിയിട്ടുണ്ട്. നീലേശ്വരം മാർക്കറ്റിൽ ദേശീയപാതയോരത്ത് ടോയ്‌ലെറ്റ് കോംപ്ളക്‌സ് ഉൾപ്പെടെ ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമ കേന്ദ്രവും പുതിയ നഗരസഭാ ഓഫീസ് പരിസരം, ടൗൺ ബസ് സ്‌റ്റാൻഡ്‌, കോൺവെൻറ് ജംഗ്ഷൻ എന്നിവിടങ്ങളിൽ പൊതു ശൗചാലയങ്ങളും നിർമിക്കാൻ 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

നവീകരണ പ്രവർത്തനങ്ങൾ

നീലേശ്വരം നഗരത്തിന്റെ ജീവനാഡിയായ രാജാറോഡ് വികസനത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്ക് 25 ലക്ഷവും, സംസ്‌ഥാന ബജറ്റിൽ പ്രഖ്യാപിച്ച കച്ചേരിക്കടവ് പാലം – അപ്രോച്ച് റോഡ് നിർമാണത്തിന്റെ അനുബന്ധ പ്രവൃത്തികൾക്ക് 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. നഗരത്തിന് പുതിയ വികസന കവാടം തുറന്നെടുക്കുന്ന പദ്ധതികളാവും ഇതെന്നാണ് വിലയിരുത്തൽ.

17 കോടി രൂപ ചെലവിൽ നിർമിക്കാൻ തീരുമാനിച്ച ടൗൺ ബസ്‌ സ്‌റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്‌സിന്റെ പ്രൊജക്‌ട് റിപ്പോർട് സാങ്കേതിക അനുമതിക്കായി സർക്കാരിലേക്ക് അയച്ചിരിക്കുകയാണ്. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നും പദ്ധതിത്തുകയുടെ 90 ശതമാനം വായ്‌പ ലഭ്യമാക്കാൻ വേണ്ടിയുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി നഗരസഭ ഈ ബജറ്റിൽ 50 ലക്ഷം രൂപ അനുവദിക്കും.

Neeleswaram Budget _ Nileshwar Municipality New Building
നിർമാണം പൂർത്തിയാകുന്ന നീലേശ്വരം നഗരസഭ കാര്യാലയം

വിവിധ ഭാഗങ്ങളിലുള്ള നഗരസഭാ റോഡുകളുടെ നവീകരണത്തിനും പുതിയ റോഡുകളുടെ നിർമാണത്തിനുമായി നാലു കോടി രൂപയാണ് ആകെ അനുവദിക്കുന്നത്. സംസ്‌ഥാന സർക്കാർ 13. 92 കോടി അനുവദിച്ച കടിഞ്ഞിമൂല – മാട്ടുമ്മൽ – കോട്ടപ്പുറം റോഡ് പാലത്തിന്റെ അപ്രോച്ച് റോഡിനായി 10 ലക്ഷവും, സംസ്‌ഥാന സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചിട്ടുള്ള നീലേശ്വരം തളിക്ഷേത്രം റോഡ് മെക്കാഡം ടാറിങ് (തെരു റോഡ് ഉൾപ്പെടെ) പ്രവൃത്തിയുടെ അനുബന്ധ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയും നഗരസഭ മാറ്റിവെക്കും.

201920 വർഷം നിർമാണം ആരംഭിച്ച നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കി ഈ വർഷം ഉൽഘാടനം ചെയ്യും. പൂർത്തീകരണത്തിനായി നാലു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പുതിയ ഓഫീസിൽ സോളാർ പാനൽ സ്‌ഥാപിക്കാൻ 10 ലക്ഷവും ഫർണിച്ചറടക്കം അനുബന്ധ സൗകര്യങ്ങളൊരുക്കാൻ 25 ലക്ഷവും നഗരസഭാ സേവനങ്ങൾ ഓൺലൈനാക്കി മാറ്റാൻ 10 ലക്ഷവും നൽകും.

Neeleswaram Budget _ palayi shutter cum bridge
പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌

ടൂറിസം പദ്ധതികൾ

അഴിത്തല ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പ് തയ്യാറാക്കിയ 25 കോടി രൂപയുടെ പദ്ധതിയിൽ ആദ്യഘട്ടമായി കാസർകോട് വികസന ഫണ്ടിൽ നിന്ന് അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബേക്കൽ റിസോർട്‌സ് ഡെവലപ്മെൻറ് കോർപറേഷൻ നിർവഹണ ഏജൻസിയായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് വേണ്ടി 25 സെൻറ് ഭൂമി കൈമാറുന്ന വിഷയത്തിൽ നഗരസഭ നിരാക്ഷേപ സാക്ഷ്യപത്രം നൽകിക്കഴിഞ്ഞു.

അഴിത്തലയിൽ ടൂറിസ്‌റ്റുകളുടെ വാഹന പാർക്കിങ് യാഡിനായി ബജറ്റിൽ 5 ലക്ഷം രൂപ അനുവദിക്കും. ഹൗസ് ബോട്ടുകൾക്ക് രജിസ്‌ട്രേഷനും ലൈസൻസും ഏർപ്പെടുത്തും. പാലായിയിൽ കയാക്കിങ് ഉൾപ്പെടെയുള്ള ടൂറിസം വികസനത്തിനായി 10 ലക്ഷം നൽകും.

Neeleswaram Budget _ Tourism

മുണ്ടേമ്മാട്, പൊടോതുരുത്തി, ഓർച്ച എന്നിവിടങ്ങളിൽ ടൂറിസം വകുപ്പുമായി സഹകരിച്ച് വഴിയോര ടൂറിസത്തിനുള്ള പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കാർഷിക മേഖലയും ഗോമാങ്ങയും

കാർഷിക മേഖലയിൽ തെങ്ങ് – നെൽകൃഷി വികസനത്തിന് 30 ലക്ഷം രൂപ അനുവദിക്കും. കൃഷിഭവനോടനുബന്ധിച്ച് പ്രാഥമിക വിള ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ശക്‌തിപ്പെടുത്തും.

വീട്ടിലൊരു നാട്ടുമാവ് പദ്ധതിയിലൂടെ നീലേശ്വരം ഗോമാങ്ങയുടെ പ്രചാരണത്തിന് ഒരു ലക്ഷം രൂപ നൽകും. തരിശുഭൂമികൾ കണ്ടെത്തി തൊഴിലുറപ്പ് പദ്ധതിയും സന്നദ്ധപ്രവർത്തകരെയും പ്രയോജനപ്പെടുത്തി പച്ചക്കറി, കപ്പ, വാഴ, പൂക്കൾ തുടങ്ങിയവയുടെ കൃഷി പ്രോൽസാഹിപ്പിക്കും. വീട്ടുവളപ്പിൽ പച്ചക്കറിത്തോട്ടം പദ്ധതിക്ക് ഒരു ലക്ഷം നൽകും.

Neeleswaram Budget _ Houseboat Terminal Kottapuram
കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ

പാലായി, പട്ടേന പാടശേഖരങ്ങളിൽ കുളം നവീകരിച്ച് കനാൽ വഴി കൃഷിക്ക് വെള്ളം എത്തിക്കുന്നതിനും കൃഷിസാമഗ്രികൾ എത്തിക്കുന്നതിന് ആവശ്യമായ റോഡ് നിർമാണത്തിനും 30 ലക്ഷം വകയിരുത്തും. ക്ഷീരകർഷകർക്ക് കാലിത്തീറ്റയും പാൽ സബ്‌സിഡിയും നൽകുന്നതിന് 10 ലക്ഷം അനുവദിക്കും.

ആരോഗ്യം മെച്ചപ്പെടുത്താൻ

യോഗയും വ്യായാമവും പരിശീലിപ്പിക്കുക, ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുക, ഒന്നും രണ്ടും ഘട്ട കാൻസർ നിയന്ത്രണ പ്രതിരോധമാർഗങ്ങൾ നടപ്പാക്കുക, പാലിയേറ്റീവ് പരിചരണം തുടങ്ങിയ മാർഗങ്ങളിലൂടെ ആരോഗ്യമുള്ള ജനതയെ സൃഷ്‌ടിക്കുന്നതിനുള്ള ഹെൽത്തി നീലേശ്വരം പ്രൊജക്‌ടിനായി 10 ലക്ഷം രൂപയും പോസ്‌റ്റ് കോവിഡ് ക്ളിനിക്കിന് 5 ലക്ഷവും നൽകും.

Neeleswaram Budget _ Neeleswaram Taluk Hospital

നീലേശ്വരം താലൂക്ക് ആശുപത്രിയിൽ മരുന്ന്, ലാബ് അനുബന്ധ സാമഗ്രികൾ ലഭ്യമാക്കുന്നതിന് 50 ലക്ഷം രൂപയും ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനായി 20 ലക്ഷം രൂപയും അനുവദിക്കും.

തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്ക് 15 ലക്ഷം, കേന്ദ്രം മുഴുവൻ സമയം പ്രവർത്തിപ്പിക്കുന്നതിന് 10 ലക്ഷം, തൈക്കടപ്പുറം ഹോമിയോ ആശുപത്രിക്കും പാലായി ആയുർവേദാശുപത്രിക്കും കെട്ടിടനിർമ്മാണത്തിനും 10 ലക്ഷം, കാര്യങ്കോട് നഗര ആരോഗ്യ കേന്ദ്രം വിപുലീകരിക്കാൻ 5 ലക്ഷം, എൻകെബിഎം ആശുപത്രിയിൽ കുട്ടികളുടെ ക്ളിനിക് ആരംഭിക്കുന്നതിന് 10 ലക്ഷം, പാലിയേറ്റീവ് പദ്ധതിക്ക് 20 ലക്ഷം, വയോമിത്രം പദ്ധതി 10 ലക്ഷം എന്നിങ്ങനെയും തുക മാറ്റിവെക്കുന്നുണ്ട്‌.

Neeleswaram Budget _ Neeleswaram Taluk Hospital
നീലേശ്വരം താലൂക് ആശുപത്രി

ഇഎംഎസ് സ്‌റ്റേഡിയത്തിന്റെ പരിപാലനത്തിനും ചിറപ്പുറം നഗരസഭാ സ്‌റ്റേഡിയം നവീകരണത്തിനും പത്തുലക്ഷം രൂപ വീതം മാറ്റിവെക്കും. ഫുട്‍ബോൾ, വോളിബോൾ, ക്രിക്കറ്റ്, നീന്തൽ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകും. പാലായി മിനി സ്‌റ്റേഡിയം പ്രാരംഭ പ്രവൃത്തികൾക്കായി 10 ലക്ഷം നൽകും.

Neeleswaram Budget _ Where the hospital is planned to be built at Kottapuram
കോട്ടപ്പുറത്ത് ആശുപത്രി പണിയാൻ ഉദ്ദേശിക്കുന്ന സ്‌ഥലം

കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നഗരസഭ കേന്ദ്രീകരിച്ച് കൗൺസിലിംഗ് സെൻറർ ആരംഭിക്കും. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നൽകും. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുന്ന ‘മികവ് പദ്ധതി’ നടപ്പാക്കും.

പുതിയ തലമുറയ്‌ക്ക്

സ്‌കൂളുകളിൽ ജിയോ ലാബ് സ്‌ഥാപിക്കും. ക്ളാസ് മുറികളുടെ ആധുനിക വൽക്കരണം പൂർത്തിയാക്കാൻ 10 ലക്ഷം വകയിരുത്തും. ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്‌ത വായനശാലകൾക്ക് കംപ്യൂട്ടർ, പ്രോജക്റ്റർ, സ്‌ക്രീൻ, ഇന്റർനെറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ 15 ലക്ഷം നൽകും.

Neeleswaram Budget _ Modern ClassRoom
Modern Classroom (Representational image)

അഭ്യസ്‌ഥവിദ്യരായ ഉദ്യോഗാർഥികൾക്ക് സിവിൽ സർവീസ് നിലവാരത്തിലുള്ള പരിശീലനം (3 ലക്ഷം), പെൺകുട്ടികൾക്ക് കായിക പരിശീലനം (ഒരു ലക്ഷം), പുതിയ നഗരസഭാ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഫ്രീ ഇന്റർനെറ്റ് സോൺ (2 ലക്ഷം) എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.

പുതിയ തലമുറയ്‌ക്ക് നീലേശ്വരത്തെ സാംസ്‌കാരിക ചരിത്രം തൊട്ടറിയാൻ സഹായിക്കുന്ന കൾച്ചറൽ കോറിഡോർ രൂപപ്പെടുത്താൻ 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പടിഞ്ഞാറ്റംകൊഴുവൽ അരയാൽ തറയിൽ നിർമിക്കുന്ന ഗാന്ധിസ്‌മൃതി മണ്ഡപം പൂർത്തീകരണത്തിനായി 5 ലക്ഷം രൂപ നൽകും. കോട്ടപ്പുറം ടൗൺ ഹാളിൽ ഫർണിച്ചർ അടക്കം അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന് 10 ലക്ഷം രൂപ ചെലവഴിക്കും.

Neeleswaram new bus stand cum shopping complex
നീലേശ്വരം നഗരസഭാ ബസ്‌സ്‌റ്റാൻഡ് കം ഷോപ്പിങ്‌ കോംപ്ളക്‌സ് രൂപരേഖ

വനിതാശിശുക്ഷേമ മേഖല 1.28 കോടി രൂപയാണ് ഈ വർഷം ചെലവഴിക്കുക. സ്വന്തമായി കെട്ടിടം ഇല്ലാത്ത കോട്ടപ്പുറം, തെരു, തട്ടാച്ചേരി, തൈക്കടപ്പുറം അംഗൻവാടികൾക്ക് കെട്ടിടം നിർമിക്കുന്നതിന് നഗരസഭാ വിഹിതമായി 10 ലക്ഷം രൂപ നൽകും. മുഴുവൻ അംഗൻവാടികളും ഹൈടെക് ആക്കുന്നതിനു 30 ലക്ഷം രൂപ വകയിരുത്തും.

കുട്ടികളുടെ പാർക്കും സ്വയം തൊഴിലും 

കച്ചേരിക്കടവിൽ കുട്ടികളുടെ പാർക്കും വയോജന പാർക്കും നിർമിക്കാൻ 5 ലക്ഷവും വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി കലാമേളകൾ സംഘടിപ്പിക്കുന്നതിന് 50,000 രൂപയും വകയിരുത്തിയിട്ടുണ്ട്. സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന വാതിൽപടി സേവന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് രണ്ട് ലക്ഷം രൂപ അനുവദിക്കും.

Neeleswaram Budget _ Children's park
Representational image

ലൈഫ് ഭവന നിർമാണ പദ്ധതിക്കുവേണ്ടി നഗരസഭാ വിഹിതമായി ഒരു കോടി രൂപ കണ്ടെത്തും. പുതിയ ബഡ്‌സ് സ്‌കൂൾ കെട്ടിടത്തിൽ ഫർണിച്ചറിനായി 5 ലക്ഷം, കുടുംബശ്രീ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 10 ലക്ഷം, പ്രവാസികൾ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിന് പത്ത് ലക്ഷം എന്നിങ്ങനെ മാറ്റിവെയ്‌ക്കും.

Most Read: ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല; അത് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE