ന്യൂഡെൽഹി: റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാദ്ധ്യമം മീഡിയാപാർട്ട് . കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യയിലെ ഒരു ഇടനിലക്കാരന് ഒരു മില്യൺ യൂറോ(8.6 കോടി രൂപ) കൈമാറിയെന്നാണ് ആരോപണം. ദസോ കമ്പനിയുടെ ഓഡിറ്റിംഗ് നിര്‍വഹിച്ച ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സിയായ എഎഫ്എയുടെ രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോർട് പുറത്തുവന്നത്.
നേരത്തെ 2017ൽ ദസോ ഇടനിലക്കാർക്ക് വൻതുക കമ്മീഷനായി നൽകിയെന്ന് എഎഫ്എ കണ്ടെത്തിയിരുന്നു. എന്നാൽ ആര്‍ക്കാണ് ഈ തുക കൈമാറിയതെന്നോ എന്തിനാണ് കൈമാറിയതെന്നോ സംബന്ധിച്ച വിവരങ്ങള്‍ ഫ്രഞ്ച് അഴിമതി നിരോധന ഏജന്‍സികള്‍ക്ക് മുന്‍പില്‍ കൃത്യമായി വിശദീകരിക്കാന്‍ ദസോക്ക് കഴിഞ്ഞില്ലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
റഫാല്‍ ജെറ്റിന്റെ 50 കൂറ്റന്‍ മോഡലുകള്‍ നിര്‍മിക്കാനാണ് തുക കൈമാറിയത് എന്നാണ് കമ്പനി വിശദീകരണം നല്‍കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മോഡലുകള്‍ നിര്‍മിച്ചതിന് കൃത്യമായ തെളിവ് നല്‍കാന്‍ ദസോക്ക് സാധിച്ചിട്ടില്ല. ഡെഫ്‌സിസ് സെല്യൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ ഇന്‍വോയിസുകളാണ് ദസോ കമ്പനി പണം നല്‍കിയതിന് തെളിവായി ഹാജരാക്കിയത്.
ഇന്ത്യയില്‍ ദസോയുടെ ഉപകരാര്‍ എടുക്കുന്ന കമ്പനികളില്‍ ഒന്നാണ് ഡെഫ്‌സിസ് സെല്യൂഷന്‍സ്. വിവാദ വ്യവസായി സുഷന്‍ ഗുപ്‍തയാണ് കമ്പനിയുടെ ഉടമ. അഗസ്‌റ്റ വെസ്‌റ്റ്ലന്‍ഡ് അഴിമതി കേസില്‍ അറസ്‌റ്റിലായി ജാമ്യം നേടിയ വ്യക്‌തിയാണ് സുഷൻ ഗുപ്‌ത. പണത്തട്ടിപ്പ് അടക്കം നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്‌ടേററ്റ് ചുമത്തിയിരുന്നു.
ദസോ ഏവിയേഷനില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് റഫാല്‍ കരാര്‍. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ ഈ കരാര്‍ വലിയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും വഴിവെച്ചിരുന്നു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചര്‍ച്ചാ വിഷയമായിരുന്നു റാഫേല്‍ യുദ്ധവിമാന കരാര്‍. വിഷയം വീണ്ടും ഉയർത്തിക്കൊണ്ട് വരാനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
Read Also: സിബിഐയിൽ ഇടക്കാല ഡയറക്‌ടറെ നിയമിക്കുന്നത് തുടരാനാവില്ല; സുപ്രീം കോടതി