കുവൈറ്റ് സിറ്റി: കുവൈറ്റിൽ നവജാത ശിശുവിനെ ചവറ്റുകുട്ടയ്‌ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഫര്‍വാനിയയില്‍ നിന്നാണ് ഒരു വീട്ടുജോലിക്കാരി കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ് ചവറ്റുകുട്ടയുടെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
പ്രദേശത്തുകൂടി നടക്കുന്നതിനിടെ ഒരു ചവറ്റുകുട്ടയുടെ സമീപം തുണിയിൽ പൊതിഞ്ഞ നിലയില്‍ എന്തോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടപ്പോള്‍ താന്‍ പരിശോധിക്കുകയായിരുന്നു എന്നാണ് സ്‌ത്രീ ഫര്‍വാനിയ പോലീസില്‍ അറിയിച്ചത്. തുണി തുറന്നു പരിശോധിച്ചപ്പോള്‍ ചോരക്കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിഭാഗത്തെ അറിയിക്കുകയും കുഞ്ഞിനെ അടിയന്തര പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‍തു.
കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. കുഞ്ഞിനെ കണ്ടെത്തിയ വീട്ടുജോലിക്കാരിയുടെ മൊഴി വിശ്വാസ യോഗ്യമാണോയെന്നും പരിശോധിക്കുന്നുണ്ട്.
Also Read: ‘ഐ ലവ് ഹിജാബ്’ ക്യാംപയിനുമായി വിദ്യാർഥിനികൾ, താലിബാനിസമെന്ന് ബിജെപി