ഭീമ-കൊറഗോവ് കേസിൽ മൂന്നു പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു

By Desk Reporter, Malabar News
Bhima Koregaon_2020 Sep 08
2018 ജനുവരി ഒന്നിന് നടന്ന പ്രതിഷേധം (ഫോട്ടോ കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്)
Ajwa Travels

മുംബൈ: ഭീമ-കൊറഗോവ് കേസിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്) പാർട്ടിയുടെ പ്രവർത്തകയായ  വനിത ഉൾപ്പെടെയുള്ള മൂന്നു പേരെയാണ് രണ്ട് ദിവസത്തിനിടയിൽ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. പൂനെയിൽ താമസിക്കുന്ന സാഗർ തത്യറം ഗോർഖേ(32), രമേശ്‌ മുരളീധർ(36) എന്നിവരെ തിങ്കളാഴ്ചയും, ജ്യോതി രഘോബ ജാഗ്തപ്(33) ചൊവ്വാഴ്ചയുമാണ് പിടിയിലായത്. മൂന്നു പേരും സിപിഐ(മാവോയിസ്റ്റ്) പാർട്ടിയുടെ ഉപവിഭാഗമായ കാല മഞ്ച് എന്ന സംഘടയുടെ പ്രവർത്തകരാണ് എന്ന് എൻഐഎ പറയുന്നു.

2017 ഡിസംബർ 31ന് ഭീമ-കൊറഗോവ് യുദ്ധത്തിന്റെ 200-ാം വാർഷിക ആഘോഷങ്ങളുടെ തലേ ദിവസം ദളിത് സംഘടനകളും ഹിന്ദുത്വ വാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. രാഹുൽ ഫതാങ്ലേ എന്ന 28 വയസുകാരനാണ് കൊല്ലപ്പെട്ടത്. നിരവധി വാഹനങ്ങൾ തല്ലിത്തകർക്കുകയും പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പിന്നീടാണ് വൻ വിവാദങ്ങൾ സൃഷ്ടിച്ച അറസ്റ്റുകൾ നടന്നത്.

അരുൺ ഫെറൈറ, സുധ ഭരദ്വാജ്, ഗൗതം നവ്വ്ലഖ, വെർണോൻ ഗോൺസൽവസ്, പി.വരവര റാവു തുടങ്ങിയ സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ അറസ്റ്റ് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.

നിരന്തരം മോദി സർക്കാരിനെ വിമർശിച്ചിരുന്ന ഇവരെ ‘അർബൻ നക്സലുകൾ ‘ എന്നാണ് ബിജെപി അനുകൂല സംഘടനകളും മാദ്ധ്യമങ്ങളും വിശേഷിപ്പിച്ചത്.
കേസിൽ ജൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാർ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളുടെ പേരിൽ ഗുരുതര കുറ്റങ്ങളാണ് ആരോപിച്ചത്. ഇവർ 5 പേർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും സർക്കാരിനെ ആട്ടിമറിക്കാനുള്ള ശ്രമമാണ് ഇവർ നടത്തിയതെന്നും പൂനെ പോലീസ് ആരോപിച്ചിരുന്നു. പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ, എഴുത്തുകാരി അരുന്ധതി റോയ്, മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങി  അറസ്റ്റിനെതിരെ നിരവധി പേർ രംഗത്തു വന്നിരുന്നു.

മഹാരാഷ്ട്രയിലെ മഹർ വിഭാഗത്തിന്റെ ചരിത്ര പ്രധാനമായ സ്മാരകങ്ങളിൽ ഒന്നാണ് ഭീമ-കൊറഗാവിൽ സ്ഥിതി ചെയ്യുന്നത്. രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ജാതിവ്യവസ്ഥക്കെതിരെ നേടിയ ഇവരുടെ വിജയം ഇപ്പോഴും ബിജെപി അടക്കമുള്ള ഹിന്ദുത്വ സംഘടനകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്ന് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

2018 ജനുവരി 1ന് ഭീമ-കൊറഗോവിൽ സംഘടിപ്പിച്ച 200ആം  വാർഷിക ആഘോഷത്തിൽ 4 ലക്ഷത്തോളം പേർ പങ്കെടുത്തിരുന്നു. ഗുജറാത്ത്‌ എംഎൽഎയും ജാതിവിരുദ്ധ പോരാട്ടങ്ങളുടെ അമരക്കാരനുമായ ജിഗ്നേഷ് മേവാനി, ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദ്, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല  തുടങ്ങിയ പ്രമുഖർ അന്ന് പരിപാടിയിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE