കോഴിക്കോട്: നിപ്പ വൈറസ് ബാധ സംശയിക്കുന്ന 12കാരൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. എന്നാൽ, ഭയപ്പെടേണ്ട സാഹചര്യം ഉള്ളതായി ആരോഗ്യവകുപ്പ് സ്‌ഥിരീകരണമില്ല.
പനി ബാധിച്ചു 4 ദിവസം മുൻപ് ചികിൽസ തേടിയ കുട്ടിയുടെ സ്രവസാംപിൾ പുണെ വൈറോളജി ലാബിൽ പരിശോധിച്ചതിന്റെ ഫലം ഇന്നലെ രാത്രി സംസ്‌ഥാന ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. ‘ചില അടിസ്‌ഥാന സംശയങ്ങൾ ഉള്ളതുകൊണ്ട് രണ്ടു സാംപിളുകൾ കൂടി പരിശോധനക്ക് അയക്കുന്നുണ്ട്. ഈ റിപ്പോർട്ടുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണായകമാണ്. ഇതിനെ പരിഗണിച്ച് മാത്രമേ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടോ ഇല്ലയോ എന്നത് തറപ്പിച്ചു പറയാൻ സാധിക്കു. എന്തായാലും സംസ്‌ഥാന ആരോഗ്യവകുപ്പിനെ ഓരോഘട്ടവും അറിയിച്ചു കൊണ്ടിരിക്കുന്നുണ്ട്‘ –ആശുപത്രി അധികൃതർ മലബാർ ന്യൂസിനോട് വ്യക്‌തമാക്കി.
നിലവിലെ സ്വകാര്യ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് കുട്ടി മറ്റ് രണ്ടു ആശുപത്രികളിൽ ചികിൽസ തേടിയിരുന്നു. ഈ സമയത്തെ സമ്പർക്ക ബാധിതരെ നിരീക്ഷിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ഇന്നലെ രാത്രിയോടെ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടങ്കിലും ഇന്ന് പ്രത്യേക മെഡിക്കൽ സംഘവും കേന്ദ്രമെഡിക്കൽ സംഘവും കോഴിക്കോട്ട് എത്തുമെന്നാണ് ആരോഗ്യവകുപ്പിൽ നിന്ന് കിട്ടുന്ന സൂചനകൾ.
2018 മേയ് മാസത്തിലാണ് കേരളത്തിൽ നിപാ വൈറസ് ബാധ ഉണ്ടായത്. 18 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. മേയ് മാസത്തിൽ കേരളത്തിൽ ആദ്യമായി നിപ്പ വൈറസിന്റെ സംക്രമണം ഉണ്ടായതായി പൂനെയിലെ ദേശീയ വൈറോളജി ലാബ് സ്‌ഥിരീകരിച്ചു. കോഴിക്കോടുള്ള ചെങ്ങരോത്ത് ഗ്രാമത്തിലായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴം തീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന് സർക്കാർ പഠനസംഘം പിന്നീട് കണ്ടെത്തി. രോഗം ബാധിച്ചു മരിച്ച 18 പേർക്കും രോഗം പടർന്നത് ഒരേ വ്യക്‌തിയിൽ നിന്നായിരുന്നു എന്നാണ് ശാസ്‌ത്രീയ നിഗമനം.

18 പേരുടെ മരണത്തിന് ഇടയാക്കിയ ഈ മഹാപകർച്ച വ്യാധി മലബാർ മേഖലയിൽ ഏറെ ആശങ്ക പരത്തിയിരുന്നു. എന്നാൽ, രണ്ടുമാസത്തോളം നീണ്ടുനിന്ന ആരോഗ്യ പ്രവർത്തകരുടെ ഊർജിത പ്രവർത്തനത്തിലൂടെ മലബാർ നിപ്പമുക്‌തമായതായി പ്രഖ്യാപിച്ചു. ശേഷം, 2019ൽ കൊച്ചിയിലും നിപ്പ വൈറസ് ബാധ സ്‌ഥിരീകരിച്ചിരുന്നു. എന്നാലത് മറ്റുള്ളവരിലേക്ക് പകരാതെ നോക്കാൻ ആരോഗ്യവകുപ്പിനായി. ആദ്യ നിപാ വൈറസ് ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്തിൽ നിന്ന് ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർക്കാണ് 2018ൽ രോഗബാധയുണ്ടായതും മരണങ്ങൾ സംഭവിച്ചതും.
Most Read: പ്ളസ് ടു ചോദ്യം; വിദ്യഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങളെ അപമാനിച്ചു