കാസർഗോഡ്: ഉക്കിനടുക്കയിൽ സ്‌ഥിതി ചെയ്യുന്ന കാസർഗോഡ് മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങാത്തതിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. മെഡിക്കൽ കോളേജിലെ ഒപി പ്രവർത്തനം ഈ മാസം മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, തീരുമാനം നടപ്പിലാക്കാതെ ജീവനക്കാരെ സ്‌ഥലം മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം കടുക്കുന്നത്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം വൈകിപ്പിക്കാൻ സർക്കാർ മനഃപൂർവം ജീവനക്കാരെ സ്‌ഥലം മാറ്റുകയാണെന്നാണ് ആരോപണം ഉയരുന്നത്.
ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളേജ് പരിസരത്ത് സംരക്ഷണകവചം തീർത്തു. ആശുപത്രി തുറക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്‌തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വരും ദിവസങ്ങളിലും സമരം ശക്‌തമാക്കാനാണ് പാർട്ടികളുടെ തീരുമാനം. നവംബർ 27ൽ ഉള്ള ഉത്തരവ് പ്രകാരം 11 നഴ്‌സുമാരെ ഇടുക്കി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ മാസം എട്ടിനുള്ള മറ്റൊരു ഉത്തരവിൽ രണ്ട് ഹെഡ്‍നഴ്‌സുമാരെ ഉൾപ്പടെ 17 പേരെ കൊല്ലം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.
രണ്ട് റേഡിയോ ഗ്രാഫർമാർ, രണ്ട് ലാബ് ടെക്‌നീഷ്യൻമാർ എന്നിവർക്കും സ്‌ഥലംമാറ്റമുണ്ട്. കൂടാതെ ആറ് ഡോക്‌ടർമാരെയും വിവിധ ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ള ഡോക്‌ടർമാർക്ക് അടുത്ത ദിവസം തന്നെ ഉത്തരവ് ലഭിക്കുമെന്ന് അനൗദ്യോഗിക അറിയിപ്പും ലഭിച്ചിട്ടുണ്ട്. സ്‌ഥലം മാറ്റിയ ജീവനക്കാരെ തിരിച്ചുകൊണ്ടുവന്ന് ഒപി പ്രവർത്തനം ഉടൻ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ സമരം നടത്തുമെന്നാണ് സ്‌ഥലം എംഎൽഎ എൻ എ നെല്ലിക്കുന്നും പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതിഷേധിച്ച് ബിജെപിയും, മുസ്‌ലിം ലീഗ് വെൽഫെയർ പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.
Most Read: പിജി ഡോക്‌ടർമാരുടെ സമരം; പരിഹാരം വൈകിയാൽ ഒപ്പം ചേരുമെന്ന് ഐഎംഎ