ഷിംല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. ‘വേണ്ട’ എന്ന വാക്കിന്റെ അർഥം ചിലർക്ക് അറിയില്ലെന്നും അത് മനസിലാക്കാൻ വേണ്ടിയാണ് ജാമ്യം നിഷേധിക്കുന്നതെന്നും ഹിമാചൽ പ്രദേശ് ഹൈക്കോടതി വ്യക്‌തമാക്കി.
ബസ് കാത്ത് നില്‍ക്കുകയായിരുന്ന 17കാരിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ജീപ്പില്‍ കയറ്റി ആളൊഴിഞ്ഞ ഇടത്തു കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഡിസംബര്‍ 18നാണ് പ്രതി അറസ്‌റ്റിലായത്. ഉപദ്രവിക്കരുതെന്ന പെണ്‍കുട്ടിയുടെ അപേക്ഷ കേള്‍ക്കാന്‍ മനസ് കാണിക്കാതിരുന്ന പ്രതിക്ക് ‘വേണ്ട’ എന്ന വാക്കിന്റെ അർഥം മനസിലാവാന്‍ വേണ്ടിയാണ് ജാമ്യം അനുവദിക്കാത്തതെന്ന് കോടതി വ്യക്‌തമാക്കി.
ഹിമാചല്‍ പ്രദേശിലെ രാജ്‌ഗർ എന്ന സ്‌ഥലത്ത് ഡിസംബര്‍ 17നായിരുന്നു പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ യുവാവ് പെണ്‍കുട്ടിയോട് വിവാഹാഭ്യർഥന നടത്തി. ഇതിന് പെണ്‍കുട്ടി വിസമ്മതിച്ചതോടെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ റോഡില്‍ ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. എന്നാൽ, പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും ഇയാൾ പിടിയിലാവുകയും ആയിരുന്നു.
“വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ട എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് അത് മനസിലാക്കാന്‍ വലിയ പ്രയാസമാണ്. വേണ്ട എന്ന് പറയുന്നതിന് ‘വേണം’ എന്നൊരു അർഥമില്ല,”- കോടതി വ്യക്‌തമാക്കി.
ജീപ്പില്‍ വച്ച് പെണ്‍കുട്ടിയെ സ്‌പർശിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ വേണ്ട എന്ന് പറഞ്ഞ ശേഷവും യുവാവ് പെണ്‍കുട്ടിക്കെതിരായ അതിക്രമം തുടരുകയായിരുന്നു. സംഭവം മൂടി വെക്കാൻ ശ്രമിക്കാതെ കേസുമായി മുന്നോട്ട് പോകാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയെ കോടതി അഭിനന്ദിച്ചു.
Also Read: ബംഗാൾ ബിജെപിയിൽ കലഹം തുടങ്ങി; അവസാനം അടുത്തെന്ന് പാർട്ടി മുൻ അധ്യക്ഷൻ