ഇളവില്ല, ഡിഎൻഎ പരിശോധനക്ക് വിധേയനാകണം; മലയാളി വിമുക്‌ത ഭടനോട് സുപ്രീം കോടതി

By Desk Reporter, Malabar News
Supreme Court
Photo Courtesy: Live Law
Ajwa Travels

ന്യൂഡെൽഹി: പിതൃത്വം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കുന്നതിന് ഡിഎന്‍എ പരിശോധനക്ക് വിധേയനാകണമെന്ന കോടതി ഉത്തരവിനെതിരെ വിമുക്‌ത ഭടന്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. സ്വകാര്യതയുടെ പേരില്‍ ഡിഎന്‍എ പരിശോധനയില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ജസ്‌റ്റിസുമാരായ സഞ്‌ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി.

കരസേനയിലെ ഹവീല്‍ദാര്‍ മേജര്‍ തസ്‌തികയില്‍ നിന്ന് വിരമിച്ച കൊല്ലം സ്വദേശിയാണ് ഡിഎന്‍എ പരിശോധനക്ക് വിധേയനാകണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കോട്ടയം സ്വദേശിനിയായ യുവതി, തന്റെ മകളുടെ പിതാവ് ഈ വിമുക്‌ത ഭടന്‍ ആണെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കോട്ടയം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഡിഎന്‍എ പരിശോധനക്ക് ഉത്തരവിട്ടത്. ഈ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും ചെയ്‌തു. സത്യം കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന അനിവാര്യമാണെന്ന നിലപാടാണ് ഹൈക്കോടതിയും സ്വീകരിച്ചത്.

എന്നാല്‍ ഡിഎന്‍എ പരിശോധനക്ക് രക്‌തസാമ്പിള്‍ നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് വിമുക്‌തഭടന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ ശ്രീറാം പ്രാക്കാട്ട്, എംഎസ് വിഷ്‌ണു ശങ്കര്‍ എന്നിവര്‍ വാദിച്ചു. പുട്ടുസ്വാമി കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് സ്വകാര്യത മൗലിക അവകാശം ആണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഡിഎന്‍എ പരിശോധനാ വിഷയത്തില്‍ ഈ വാദം കണക്കിലെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

1999ല്‍ വിമുക്‌ത ഭടനുമായി തന്റെ വിവാഹം ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ വച്ച് നടന്നുവെന്നാണ് യുവതി പറയുന്നത്. എന്നാല്‍ അക്കാലത്ത് കാര്‍ഗില്‍ യുദ്ധം നടന്ന സമയം ആയതിനാല്‍ കരസേനയില്‍ ആര്‍ക്കും അവധി ലഭിക്കില്ലായിരുന്നു എന്നാണ് വിമുക്‌ത ഭടന്റെ വാദം. വിമുക്‌ത ഭടനുമായി സേന അനുവദിച്ച ക്വാട്ടേഴ്‌സില്‍ താമസിച്ചിട്ടുണ്ടെന്ന് യുവതി പറയുമ്പോള്‍, അക്കാലത്ത് 25 വയസ് പൂര്‍ത്തിയാകാതിരുന്ന തനിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ നിയമ പ്രകാരം കുടുംബ സമേതം താമസിക്കാന്‍ കഴിയുന്ന ക്വാട്ടേര്‍സ് ലഭിക്കില്ലെന്നാണ് വിമുക്‌ത ഭടൻ വാദിക്കുന്നത്. സുപ്രീം കോടതി ഉത്തരവോടെ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ഇൻസ്‌റ്റിറ്റ്യൂട്ടില്‍ വിമുക്‌ത ഭടന് ഡിഎന്‍എ പരിശോധനക്ക് വിധേയനാകേണ്ടി വരും.

Most Read:  ദേശീയ ചിഹ്‌നത്തിന് അപമാനം; പുതിയ അശോക സ്‌തംഭത്തിൽ വിമർശനവുമായി ടിഎംസി നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE