തിരുവനന്തപുരം: സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിലപാട് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മതിയായ വില നിശ്‌ചയിച്ച് പണം നൽകിയ ശേഷം മാത്രമായിരിക്കും ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് കടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി നഷ്‌ടമായവരുടെ അഭിപ്രായം കേൾക്കും. കേരള വികസനത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമാണെന്നും മാദ്ധ്യമങ്ങൾ അരാജക സമരത്തിന് ഉശിര് പകരുകയാണെന്നും കോടിയേരി വ്യക്‌തമാക്കി. അതിനിടെ, കെ റെയിലിന് അനുമതി വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നലെ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
പ്രധാന മന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കിയിരുന്നു. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന് അനുമതി വേഗത്തിലാക്കാൻ ഇടപെടൽ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാന മന്ത്രിയുമായി ചർച്ച നടത്തിയത്. ചർച്ചയോട് അനുഭാവ പൂർണമായി പ്രധാനമന്ത്രി പ്രതികരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഒദ്യോഗികമായി കൂടിക്കാഴ്‌ച നടത്താൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. എന്നാൽ അനൗദ്യോഗികമായി അദ്ദേഹവുമായി സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സിൽവർലൈനിനെ കുറിച്ച് റെയിൽവേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈൻ ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പരിസ്‌ഥിതി സൗഹൃദയാത്ര സർക്കാർ ഉറപ്പ് നൽകുന്നതായും വ്യക്‌തമാക്കി.
Most Read: റഷ്യ-യുക്രൈൻ യുദ്ധം; ഒരു ലക്ഷത്തിലധികം അഭയാർഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക