‘ഇനിയൊരു ബ്രഹ്‌മപുരം ആവർത്തിക്കില്ല’; നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി എംബി രാജേഷ്

തീപിടിത്തത്തിന് ശേഷം 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ റിപ്പോർട് ചെയ്‌തതായി മന്ത്രി പി രാജീവും വ്യക്‌തമാക്കി. ഇതിൽ 421 പേർ ക്യാമ്പിൽ പങ്കെടുത്തവരാണ്. ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ അടക്കം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ഇനിയൊരു ബ്രഹ്‌മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി എംബി രാജേഷ്. നേരത്തെ, വിഭാവനം ചെയ്‌ത ആക്ഷൻ പ്ളാനിൽ, യുദ്ധകാല അടിസ്‌ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും എംബി രാജേഷ് അറിയിച്ചു. തീപിടിത്തത്തിന് ശേഷം 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ റിപ്പോർട് ചെയ്‌തതായി മന്ത്രി പി രാജീവും വ്യക്‌തമാക്കി. ഇതിൽ 421 പേർ ക്യാമ്പിൽ പങ്കെടുത്തവരാണ്. ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ അടക്കം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ബ്രഹ്‌മപുരം പ്രത്യേക യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാരായ എംബി രാജേഷും പി രാജീവും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നാളെ മുതൽ മെയ് വരെ നീളുന്ന കർമപദ്ധതി നടപ്പിലാക്കും. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കും. അജൈവ മാലിന്യം വാതിൽപ്പടി ശേഖരണം നടത്തും. ഹരിത കർമ സേന അംഗങ്ങൾ വഴിയാകും ഇത് ചെയ്യുകയെന്നും മന്ത്രിമാർ അറിയിച്ചു.

ഫ്ളാറ്റുകളുടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പാക്കാൻ നൽകുന്ന സമയപരിധി ജൂൺ 30 ആക്കി. കളക്‌ടറേറ്റുകളിലും തദ്ദേശ സ്‌ഥാപനങ്ങളിലും വാർ റൂം തുറക്കും. ഒരു വർഷം കൊണ്ട് ചെയ്യേണ്ട കർമ പദ്ധതി മൂന്ന് മാസം കൊണ്ട് നടപ്പിലാക്കുമെന്നും മന്ത്രിമാർ വിശദീകരിച്ചു. അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ നിർണായക ഇടപെടലുമായി കേരള ഹൈക്കോടതി.

ബ്രഹ്‌മപുരത്തെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു. 24 മണിക്കൂറിനുള്ളിൽ സമിതി ബ്രഹ്‌മപുരം സന്ദർശിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.

ശുചിത്വ മിഷൻ ഡയറക്‌ടർ, തദ്ദേശ ഭരണവകുപ്പ് ചീഫ് എൻജിനിയർ, ജില്ലാ കളക്‌ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർ കോർപറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നതാണ് സമിതി. ബ്രഹ്‌മപുരത്ത് പരിശോധന നടത്തി സമിതി റിപ്പോർട് സമർപ്പിക്കണം. എട്ട് സെക്‌ടറുകളിൽ ആറ് സെക്‌ടറിലെ തീ അണച്ചുവെന്നും രണ്ടു സെക്‌ടറുകളിൽ പുക ഉയരുന്നുണ്ടെന്നും കോർപറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. എന്നാൽ, പുകയുടെ തീവ്രത കൂടുതൽ അല്ലേയെന്നും, ജനങ്ങൾ എത്രനാൾ സഹിക്കണമെന്നും കോടതി ചോദിച്ചു.

Most Read: ‘സംസ്‌ഥാനത്ത്‌ 46 പേർക്ക് H1N1’; പകർച്ച വ്യാധികളിൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE