ബലാൽസംഗ കേസ്; മയൂഖയുടെ പരാതിയിൽ ശാസ്‌ത്രീയ തെളിവുകളില്ലെന്ന് പോലീസ് റിപ്പോർട്

By News Desk, Malabar News
Ajwa Travels

തൃശൂർ: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന കായികതാരം മയൂഖ ജോണിയുടെ പരാതിയിൽ ശാസ്‌ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്‌ത്രീയ തെളിവുകളില്ലെന്നും സാഹചര്യ തെളിവുകൾ വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്‌തമാക്കി.

അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി പീഡനത്തിന് ഇരയായ പെൺകുട്ടി നേരിട്ട് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ റിപ്പോർട് എസ്‌പി പൂങ്കുഴലി ഹൈക്കോടതിയിൽ സമർപ്പിച്ചത്. അഞ്ച് വർഷം മുൻപ് നടന്ന സംഭവമായതിനാൽ ടവർ ലൊക്കേഷനോ ഫോണുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളോ ഇപ്പോൾ ലഭ്യമല്ല. ഈ സാഹചര്യത്തിൽ പരാതി ശാസ്‌ത്രീയമായി തെളിയിക്കാനാവില്ലെന്ന് റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടി.

പ്രതി ആശുപത്രിയിൽ എത്തിയതായി പറയുന്നുണ്ട്. ആ സമയത്ത് ആശുപത്രിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയായിരുന്നു പ്രതിയുടെ മൊബൈലിന്റെ ടവർ ലൊക്കേഷൻ എന്നാണ് ഇപ്പോൾ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിയെ പരിശോധിച്ച ഡോക്‌ടറുടെ മൊഴിയടക്കം പോലീസ് പരിശോധിച്ചിരുന്നു. ഈ കാര്യങ്ങൾ അടക്കമുള്ള വിവരങ്ങളും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2016ലാണ് കേസിന് ആസ്‌പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ എടുക്കുകയും ചെയ്‌തെന്നാണ്‌ പരാതി. അന്ന് അവിവാഹിതയായതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല. 2018ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്‌തു.

തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്. ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിയുടെ അറസ്‌റ്റ് ഇതുവരെ ഉണ്ടായിട്ടില്ല. പ്രതിക്ക് വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായെന്നും, കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈൻ തന്നെ ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചിരുന്നു. ഇതിന് ശേഷം ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.

പരാതിയിൽ അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നും ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും മയൂഖ ജോണി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണിച്ച് പീഡനത്തിന് ഇരയായ പെൺകുട്ടി ഹൈക്കോടതിയിൽ പരാതി നൽകിയത്.

അതേസമയം, മയൂഖ ജോണിക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാൽസംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞതിനാണ് അപകീർത്തിക്കേസ്‌ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ നിർദ്ദേശ പ്രകാരം ആളൂർ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

മയൂഖ ജോണി, മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിന്റെ പരമാധികാരി നിഷാ സെബാസ്‌റ്റ്യൻ, ഇവിടുത്തെ ട്രസ്‌റ്റികൾ എന്നിവരുൾപ്പെടെ 10 ആളുകളുടെ പേരിലാണ് കേസ്‌. ക്രിമിനൽ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് സ്‌ഥാപനത്തിന്റെ മുൻ ട്രസ്‌റ്റി സിസി ജോൺസനെതിരേ ബലാൽസംഗത്തിന് കേസ് കൊടുക്കുകയും, ബലാൽസംഗ ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്‌തുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Also Read: കോവിഡ്; രാജ്യത്ത് ഭൂരിഭാഗം പേരിലും ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE