ആലപ്പുഴ: നഷ്‌ടത്തിലായ എല്ലാ പൊതുമേഖലാ വ്യവസായങ്ങളും സംസ്‌ഥാന സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആലപ്പുഴയിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയെ സംരക്ഷിക്കുക എന്നതിന്റെ അർഥം എപ്പോഴും പണം കൊടുത്തു കൊണ്ടിരിക്കുക എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായങ്ങൾക്ക് അതിവേഗ ലൈസൻസ് നൽകുന്ന ഏകജാലക സംവിധാനം പരിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കെ സിഫ്റ്റ്-ത്രീ ഒക്‌ടോബറിൽ നിലവിൽ വരും. ഏകജാലകത്തിലൂടെ ലൈസൻസ് നൽകിയാൽ പിന്നെ തദ്ദേശ സ്‌ഥാപനങ്ങൾ സ്‌റ്റോപ്പ് മെമ്മോ നൽകാൻ പാടില്ല. അതിനുള്ള നിർദ്ദേശം സംസ്‌ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ട്രേഡ് യൂണിയനുകൾ റിക്രൂട്ടിങ് ഏജൻസികളല്ലെന്ന് പറഞ്ഞ മന്ത്രി മിന്നൽ പണിമുടക്ക് പാടില്ലെന്നും വ്യക്‌തമാക്കി. വ്യവസായ അനുകൂല അന്തരീക്ഷമൊരുക്കലാണ് സർക്കാർ നയം.
വ്യവസായ പാർക്കുകളിൽ ഏകീകൃത ഭൂനയം ഉടൻ നടപ്പാക്കും. സ്വകാര്യ വ്യവസായ പാർക്ക് നയം പ്രഖ്യാപിക്കും. നോക്കുകൂലി നിയമവിരുദ്ധമായ പിടിച്ചുപറിയാണ്. അതിൽ പൊലീസ് ഇടപെടണം. എന്നാൽ തൊഴിൽ തർക്കങ്ങളിൽ പോലീസ് ഇടപെടരുതെന്നും മന്ത്രി പറഞ്ഞു.
Read Also: കരിപ്പൂര്‍ വിമാനാപകടം; അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിച്ചു