കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു യുവതി നഴ്‌സിങ് കെയർടേക്കറാണെന്നാണ് സൂചന. റിക്രൂട്ടിങ് തട്ടിപ്പിനിരയായ യുവതിയാണെന്ന് സൂചനയുണ്ടെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്‌ഥാനത്തിലാണ് നഴ്‌സിങ് കെയർടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയത്.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ കുട്ടിയുടെ പിതാവ് റെജിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നീളുന്നത്. പിതാവുമായി വൈരാഗ്യമുള്ളവർ നടത്തിയ ക്വട്ടേഷനാണെന്നാണ് സംശയം. റെജിയെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിക്ക് എസ്‌പി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നഴ്‌സുമാരുടെ റിക്രൂട്ട്മെന്റും നഴ്‌സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ഇതിൽ സ്‌ഥിരീകരണമായിട്ടില്ല.
കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ളാറ്റിൽ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. റെജിയുടെ ഒരു ഫോൺ അന്വേഷണ സംഘം കസ്‌റ്റഡിയിലും എടുത്തിട്ടുണ്ട്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് കൂടിയാണ് റെജി. ഈ സ്‌ഥാനവുമായി തട്ടിക്കൊണ്ടു പോകലിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഘടനയിൽപ്പെട്ട ചിലരെ ഇതിനോടകം ചോദ്യം ചെയ്‌തിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു മുൻവൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയെ വിട്ടുകിട്ടാൻ പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതിന് പിന്നാലെ ഗൾഫിൽ നിന്ന് തുക ട്രാൻസ്‌ഫർ ചെയ്‌തെന്നും, ഇതിന് ശേഷമാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതെന്നും സ്‌ഥിരീകരിക്കാത്ത വിവരമുണ്ട്.
Most Read| കണ്ണൂർ സർവകലാശാല വിസിയായി ഡോ. എസ് ബിജോയ് നന്ദൻ; ഉത്തരവ് ഉടൻ