വയനാട്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ വയനാട് ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. തോൽപ്പെട്ടി, മുത്തങ്ങ, ബാവലി അതിർത്തി ചെക്ക്പോസ്‌റ്റുകളിലൂടെ ജില്ലയിലേക്ക് പ്രവേശിക്കുന്നവർ കോവിഡ്-19 പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. കൂടാതെ, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പരിശോധനക്ക് വിധേയമാക്കണമെന്ന് കളക്‌ടർ നിർദ്ദേശം നൽകി.
വിദേശത്ത് നിന്ന് വന്ന് ജില്ലയിൽ താമസിക്കുന്നവർ നിർബന്ധമായും ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണം. അടുത്ത ദിവസം ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കളക്‌ടർ നിർദ്ദേശിച്ചു. വിദേശത്ത് നിന്ന് എത്തുന്നവർ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വാർഡുതല ആർആർടി പ്രവർത്തനം കാര്യക്ഷമമാക്കും. ഇതിനായി തദ്ദേശ സ്‌ഥാപനങ്ങളിലെ കൺട്രോൾ റൂമുകളിലേക്ക് ആവശ്യത്തിന് ആളുകളെ നിയോഗിക്കും.
കൺട്രോൾ റൂമുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടറെയും മുനിസിപ്പൽ സെക്രട്ടറിമാരെയും നിയോഗിച്ചിട്ടുണ്ട്. ചെക്ക്പോസ്‌റ്റുകളിൽ പരിശോധനക്കായി ഡെപ്യൂട്ടി തഹസിൽദാർ, ജൂനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത റവന്യൂ ഉദ്യോഗസ്‌ഥരെ ചാർജ് ഓഫിസർ ചുമതല നൽകി നിയമിക്കും. പോലീസിനെയും പരിശോധനക്ക് നിയോഗിക്കുമെന്നും കളക്‌ടർ അറിയിച്ചു.
Most Read: കോവിഷീൽഡ് വാക്‌സിൻ; ബൂസ്‌റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി