വിഴിഞ്ഞം; സമര സമിതിയുമായി തുറന്ന മനസോടെ ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തീർപ്പാക്കി. സമരപ്പന്തൽ ഇന്ന് പൊളിച്ചു നീക്കുമെന്ന് സമരസമിതിയും, സമരം ഒത്തുതീർപ്പായെന്ന് സർക്കാരും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹരജി തീർപ്പാക്കിയത്

By Trainee Reporter, Malabar News
Chief Minister Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരസമിതിയുമായി തുറന്ന മനസോടെ ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സർക്കാർ ഇക്കാര്യങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞു.

തുറമുഖ നിർമാണം 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. സമരസമിതി ഏഴ് ആവശ്യങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇതിൽ തുറമുഖ നിർമാണം നിർത്തിവെക്കണമെന്നത് ഒഴികെയുള്ള മറ്റെല്ലാ ആവശ്യങ്ങളും സർക്കാർ പരിഗണിച്ചു. ഉപസമിതിയുമായുള്ള ചർച്ചയിൽ തന്നെ ഇക്കാര്യത്തിൽ ധാരണ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.

അന്താരാഷ്‌ട്ര കപ്പൽച്ചാൽ 10 നോട്ടിക്കൽ മൈൽ അകലെ മാത്രമാണ് ഉള്ളത്. മൽസ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉന്നതതല സമിതിയുണ്ട്. ഉന്നത സമിതിക്ക് ചീഫ് സെക്രട്ടറി നേതൃത്വം നൽകും. ഫ്ളാറ്റുകളുടെ നിർമാണം ഒന്നര കൊല്ലത്തിനകം പൂർത്തിയാകും. പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, വിഴിഞ്ഞം വിഷയത്തിൽ ക്ളീമിസ് ബാവയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രശ്‌ന പരിഹാരത്തിന് ഇടപെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. സമരം രമ്യമായി അവസാനിപ്പിക്കാൻ മലങ്കര കത്തോലിക്ക സഭാധ്യക്ഷൻ മേജർ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് ബാവ മുൻകൈ എടുത്തതും അദ്ദേഹത്തിന്റെ ഇടപെടലും പ്രത്യേകം പരാമർശം അർഹിക്കുന്നതാന്നെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ സമരസമിതിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് പിന്നാലെയാണ് ഇന്നലെ സമരം പിൻവലിച്ചുകൊണ്ടുള്ള തീരുമാനത്തിൽ എത്തിയത്. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചർച്ചക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.

അതിനിടെ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തീർപ്പാക്കി. സമരപ്പന്തൽ ഇന്ന് പൊളിച്ചു നീക്കുമെന്ന് സമരസമിതിയും, സമരം ഒത്തുതീർപ്പായെന്ന് സർക്കാരും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹരജി തീർപ്പാക്കിയത്. അതേസമയം, ലോഡുമായി വാഹനങ്ങൾക്ക് പ്രവേശിക്കാൻ പ്രത്യേക അനുമതി വേണമെന്ന അദാനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കേണ്ടെന്നാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി പിന്നീട് പരിഗണിക്കും. സമരം അവസാനിപ്പിച്ചതോടെ തുറമുഖ നിർമാണം നാളെ മുതൽ പുനരാരംഭിക്കും. ഇന്ന് രാത്രിയോടെ മുല്ലൂരിലെ സമരപ്പന്തൽ പൊളിച്ചുനീക്കും. 113 ദിവസം നീണ്ട ഉപരോധ സമരത്തിനൊടുവിലാണ് മുല്ലൂർ തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചു നീക്കുന്നത്.

പന്തൽ പൊളിച്ചു നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. പണി മുടങ്ങിയ ദിവസങ്ങൾ കണക്കിലെടുത്ത് ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. അതേസമയം, സമരം ഒത്തുതീർപ്പായതോടെ നഷ്‌ടപരിഹാരം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുമെന്നാണ് സൂചന.

Most Read: നവജാത ശിശുവും അമ്മയും മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE