രാഷ്‌ട്രീയ തടവുകാരുടെ മോചനം ആവശ്യപ്പെട്ട് പ്രതിപക്ഷം; രാഷ്‌ട്രപതിക്ക് കത്ത്

By News Desk, Malabar News

ന്യൂഡെൽഹി: രാഷ്‌ട്രീയ പ്രേരിതമായ കേസുകളിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയുടെ മരണത്തിന് പിന്നാലെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഭീമ കൊറേഗാവ് കേസിൽ വിചാരണ കാത്ത് കഴിയുന്നവരെ ഉൾപ്പടെ മോചിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്‌ട്രപതി റാം നാഥ്‌ കോവിന്ദിന് കത്തയച്ചു.

യുഎപിഎ, രാജ്യദ്രോഹം എന്നിവ ചുമത്തി ജയിലിൽ അടച്ചിരിക്കുന്നവരെ മോചിതരാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പടെ പത്ത് പ്രതിപക്ഷ നേതാക്കളാണ് കത്തയച്ചിരിക്കുന്നത്. ഭീമ കൊറേഗാവില്‍ ആരോപണ വിധേയനായ സ്‌റ്റാൻ സ്വാമിക്കെതിരെ വ്യാജ കേസുകള്‍ ചുമത്തിയതിൽ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് നിർദ്ദേശിക്കണമെന്നും കത്തില്‍ നേതാക്കള്‍ ആവശ്യപ്പെടുന്നു.

സ്‌റ്റാൻ സ്വാമിക്ക് ലഭിച്ചത് മനുഷ്യത്വരഹിതമായ പരിഗണനയാണെന്നും നേതാക്കള്‍ ആരോപിച്ചു. സോണിയ ഗാന്ധിക്ക് പുറമെ ശരദ് പവാര്‍, മമതാ ബാനര്‍ജി, എംകെ സ്‌റ്റാലിന്‍, ഹേമന്ത് സോറന്‍, എച്ച്‌ഡി ദേവ ദൗഡ, ഫാറൂഖ് അബ്‌ദുള്ള, തേജസ്വി യാദവ്, ഡി രാജ, സീതാറാം യെച്ചൂരി എന്നിവരാണ് കത്തിന് പിന്നിൽ.

ഇതിനിടെ, സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് യുറോപ്യന്‍ യൂണിയന്‍, യുഎസ് മനുഷ്യാവകാശ പ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. ഫാ.സ്‌റ്റാൻ സ്വാമിയെ പോലെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ തടവില്‍ വെക്കുന്നത് ക്ഷമിക്കാനാവില്ലെന്ന് മനുഷ്യവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുഎസ് പ്രത്യേക പ്രതിനിധി ഇമണ്‍ ഗില്‍മർ തുറന്നടിച്ചു.

മുൻപ് സ്‌റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 21 യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി അത് മുഖവിലക്കെടുത്തില്ല. ഇക്കാര്യം യൂറോപ്യൻ പ്രതിനിധികൾ ഓർമിപ്പിച്ചു. സ്വാമിയുടെ മരണം ഞെട്ടലുണ്ടാക്കുന്നതും മനുഷ്യാവകാശ പ്രവര്‍ത്തകരെ തടവില്‍വെക്കുന്നത് ക്ഷമിക്കാനാവാത്ത പ്രവർത്തിയാണെന്നും യുഎസ് മനുഷ്യാവകാശം സംബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രത്യേക പ്രതിനിധി മേരി ലോവര്‍ പ്രതികരിച്ചു. വിവിധ പ്രതിനിധികൾ സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഇന്നലെ ഉച്ചയോടെയാണ് ഭീമാ കൊറേഗാവ് കേസില്‍ വിചാരണ കാത്ത് കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാൻ സ്വാമി (84) പോലീസ് കസ്‌റ്റഡിയില്‍ മരിച്ചത്. ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കിയ ജാമ്യഹരജിയില്‍ മുംബൈ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെ ആയിരുന്നു അന്ത്യം. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ജസ്യൂട്ട് പുരോഹിതനായ സ്‌റ്റാൻ സ്വാമിയെ മാവോവാദി ബന്ധം ആരോപിച്ച് ഒക്‌ടോബറിൽ റാഞ്ചിയില്‍ നിന്നാണ് എൻഐഎ അറസ്‌റ്റ്‌ ചെയ്‌തത്‌.

Also Read: മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് വാക്‌സിനേഷൻ ഉറപ്പാക്കണം; സുപ്രീം കോടതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE