പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് 20ലേക്കാണ് മാറ്റിവെച്ചത്. കൽപ്പാത്തി രഥോൽസവം നടക്കുന്നതിനാൽ 13ലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.
അതേസമയം, വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. നവംബർ 23 തന്നെയായിരിക്കും വോട്ടെണ്ണൽ. പ്രാദേശിക സാംസ്‌കാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്.
കൽപ്പാത്തി രഥോൽസവം നടക്കുന്ന അതേദിവസം തന്നെ വോട്ടെടുപ്പ് നടക്കുന്നത് പോളിങ് ശതമാനത്തെ ബാധിക്കുമെന്ന് ബിജെപിയും കോൺഗ്രസും സിപിഎമ്മും ആശങ്കയറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുകയും ചെയ്‌തിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിക്ക് പുറമെ പഞ്ചാബിലെ നാല് മണ്ഡലങ്ങളിലെയും ഉത്തർപ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പും 13ൽ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ട്.
Most Read| അമേരിക്കയിലേക്ക് കണ്ണുംനട്ട് ലോകം; പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാളെ