തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കി. സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം തിരുവനന്തപുരം ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. കേസിൽ നേരത്തെ ഫോർട്ട് പോലീസ് അറസ്‌റ്റ് ചെയ്‌ത പിസി ജോർജിന് മണിക്കൂറുകൾക്കകം ജാമ്യം ലഭിച്ചിരുന്നു. പിസി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പോലീസ് സിഡിയാണ് കോടതിയിൽ സമർപ്പിച്ചത്.
പിസി ജോർജ് എറണാകുളം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ 37 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗമാണ് സിഡിയിൽ ഉണ്ടായിരുന്നത്. ഇതോടെ പിസി ജോർജ് ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതി കണ്ടെത്തുകയും ജാമ്യം റദ്ദാക്കുകയുമായിരുന്നു.
വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പാലാരിവട്ടം പോലീസ് പിസി ജോർജിന് നോട്ടീസ് നൽകിയിരുന്നു. ഉച്ചക്ക് ശേഷം പോലീസിന് മുന്നിൽ ഹാജരാകാനിരിക്കെയാണ് പിസി ജോർജിന്റെ ജാമ്യം റദ്ദാക്കിയത്.
Most Read: നടിയെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിയെ നേരിട്ട് കാണാനൊരുങ്ങി അതിജീവത