കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി സിബിഐ കോടതി തള്ളി. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. കേസിലെ പ്രതികളായ പ്രദീപ്, റെജി വര്‍ഗീസ്, എ സുരേന്ദ്രന്‍ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് ജാമ്യം നല്‍കാനുള്ള സാഹചര്യമില്ലെന്ന് പറഞ്ഞാണ് കോടതി നടപടി.
നേരത്തെ റെജി വര്‍ഗീസ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ ജയില്‍മാറ്റം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഇത് എറണാകുളം സിജെഎം കോടതി തള്ളിയിരുന്നു. വിചാരണ ആരംഭിക്കുന്ന ഘട്ടത്തില്‍ ജയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കാനാകില്ലെന്ന് വ്യക്‌തമാക്കിയായിരുന്നു കോടതി നടപടി.
കാക്കനാട് ജയിലില്‍ കഴിയുന്ന പി രാജേഷ്, വിഷ്‌ണു സുര, ശാസ്‌താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെ സെന്‍ട്രല്‍ ജയിലിലേയ്‌ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. കേസില്‍ ഉദുമ എംഎല്‍എയായ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.
Read Also: ശ്രീറാമിന്റെ പുതിയ നിയമനം; അതൃപ്‌തി അറിയിച്ച് ഭക്ഷ്യമന്ത്രി